
മസ്‍കത്ത്: ഒമാനിലെ ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സാ കേന്ദ്രമായി മാറാനൊരുങ്ങി കോയമ്പത്തൂര്‍ ആയുര്‍വേദ സെന്റര്‍ (സി.എ.സി). പ്രസിദ്ധമായ കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ഒമാനിലെ അഞ്ചാമത്തെ ശാഖയാണ് മാര്‍ച്ച് 18ന് മബേലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെല്‍ത്ത് എസ്റ്റാബ്ലിഷ്‍മെന്റ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. മുഹന്ന നസീര്‍ അല്‍ മുസ്‍ലഹി, ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ്, കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ സി. ദേവിദാസ് വാരിയര്‍, കോയമ്പത്തൂര്‍ ആയുര്‍വേദ സെന്റര്‍ മാനേജിങ് ഡയറക്ടര്‍ ബാബു കോലോറ, സിഇഒ ബിജേഷ് കോലോറ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഫലപ്രദമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി ഒമാനിലെ ഏറ്റവും വലിയ ആയുര്‍വേദ ചികിത്സാ കേന്ദ്രമായി കോയമ്പത്തൂര്‍ ആയുര്‍വേദ സെന്ററിനെ മാറ്റാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അഞ്ചാം ശാഖയുടെ പ്രവര്‍ത്തനം തുടങ്ങിയത് കോയമ്പത്തൂര്‍ ആയുര്‍വേദ സെന്ററിന്റെ പുതിയൊരു അദ്ധ്യായത്തിന്റെ തുടക്കം മാത്രമാണെന്നും അവര്‍ പറഞ്ഞു. ദീര്‍ഘകാല ചികിത്സകള്‍ക്കായി കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രി തുടങ്ങാനും അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഒമാനില്‍ നാല് പുതിയ സെന്ററുകള്‍ കൂടി ആരംഭിക്കാനുമാണ് പദ്ധതിയിടുന്നത്.
14 വര്‍ഷം മുമ്പാണ് ഒമാനില്‍ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് കോയമ്പത്തൂര്‍ ആയുര്‍വേദ സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. ഒമാന്റെ 'വിഷന്‍ 2040'ന്റെ ഭാഗമായി ഏറ്റവും മികച്ച ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതവും ഫലപ്രദവുമായ മരുന്നുകള്‍ ഉപയോഗിച്ച് വീഴ്‍ചകളില്ലാത്ത മികച്ച സേവനം ഉറപ്പുവരുത്തും. ഒമാനിലെ ഏറ്റവും മികച്ച ആയുര്‍വേദ ചികിത്സാ കേന്ദ്രമായി മാറാന്‍ കൂടി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമായിരിക്കും കോയമ്പത്തൂര്‍ ആയുര്‍വേദ സെന്റര്‍ കാഴ്‍ചവെയ്‍ക്കുകയെന്ന് സി.ഇ.ഒ ബിജേഷ് കൊലോറ പറഞ്ഞു.
2008ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോയമ്പത്തൂര്‍ ആയുര്‍വേദ സെന്ററാണ് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ഒമാനിലെ ഒരേയൊരു അംഗീകൃത സെന്റര്‍. തുടക്ക കാലത്തില്‍ നിന്ന് വ്യത്യസ്ഥമായി ഇപ്പോള്‍ ഗുരുതരമായ അസുഖങ്ങളുള്ളവര്‍ പോലും തങ്ങളെ നേരിട്ട് സമീപിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രവാസികളും സ്വദേശികളുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ വിശ്വാസം, മികച്ച സേവനത്തിലൂടെ ആര്‍ജിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഗുരുതരമായ അസുഖങ്ങള്‍ക്ക് പോലും ഫലപ്രദമായ ചികിത്സയിലൂടെ രോഗികകള്‍ക്ക് ആശ്വാസം പകരാന്‍ ഈ കാലയളവില്‍ സാധിച്ചതായും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam