
റിയാദ്: അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനൊരുങ്ങുന്ന ആദ്യ സൗദി യാത്രികർ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. സഞ്ചാരികളായ റയാന ബർനാവി, അലി അൽ ഖർനി, ഭൗമനിലയത്തിൽ ഇവരെ സഹായിക്കുന്ന മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവരെ കിരീടാവകാശി ഊഷ്മളമായി സ്വീകരിച്ചു.
മേയിൽ ആരംഭിക്കുന്ന നിർദ്ദിഷ്ട യാത്രയിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ സൗദി വനിതയാവും റയാന ബർനാവി. ഒപ്പം പോകുന്ന അലി ഖർനി ആദ്യ സൗദി പുരുഷനും. ഈ ദൗത്യത്തിൽ ഇരുവരുടെയും സഹായികളാണ് മറിയം ഫിർദൗസ്, അലി അൽഗാംദി എന്നിവർ. പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് സംഘത്തെ കിരീടാവകാശി അഭിനന്ദിച്ചു.
രാജ്യത്തിന്റെ അന്താരാഷ്‌ട്ര മത്സരശേഷി വർധിപ്പിക്കാൻ തുണയാകുന്ന മേഖലകളിലൊന്നാണ് ബഹിരാകാശ രംഗമെന്നും ശാസ്ത്രത്തിനും മാനവികതയ്ക്കും ബഹിരാകാശ പര്യവേക്ഷണം വലിയ സംഭാവനയാണ് നൽകുന്നതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. മാനവിക നന്മയ്ക്കായി ബഹിരാകാശ ഗവേഷണത്തെ ഉപയോഗിക്കാൻ രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയെന്ന സൗദി ജനതയുടെ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നവരാണ് യാത്രികരെന്ന് കിരീടാവകാശി അവരോട് പറഞ്ഞു.
Read also: സൗദി തൊഴിൽ വകുപ്പിന്റെ ‘ഖിവ’ പ്ലാറ്റ്ഫോമിൽ തൊഴിൽ കരാർ രജിസ്‍ട്രേഷൻ രണ്ടാംഘട്ടത്തിന് തുടക്കം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam