അധികൃതര്‍ ക്ലിയറന്‍സ് നല്‍കിയില്ല; വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി

By Web TeamFirst Published May 16, 2019, 4:12 PM IST
Highlights

ഇന്നലെ രാവിലെ ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുപോകാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ദില്ലി വിമാനത്താവളം അധികൃതര്‍ ക്ലിയറന്‍സ് നിഷേധിച്ചത്. മൃതദേഹത്തിന് സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് യുഎഇ ആരോഗ്യ വകുപ്പില്‍ നിന്ന് വാങ്ങി സാക്ഷ്യപ്പെടുത്തി അയക്കണമെന്നായിരുന്നു അറിയിപ്പ്.

അബുദാബി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാനാവാതെ 12 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത്.

ദില്ലിയില്‍ നിന്ന് മിലാനിലേക്കുള്ള അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം യുഎഇയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ആയിരുന്നപ്പോഴാണ് കൈലേശ് ചന്ദ്ര സൈനി മരിച്ചത്. മകന്‍ ഹീര ലാലും ഈ സമയം ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്റിങിനുള്ള അനുമതി തേടുകയും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. ഇവിടെ നിന്ന് മഫ്റഖ് ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ചൊവ്വാഴ്ച തന്നെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 

ഇന്നലെ രാവിലെ ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുപോകാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ദില്ലി വിമാനത്താവളം അധികൃതര്‍ ക്ലിയറന്‍സ് നിഷേധിച്ചത്. മൃതദേഹത്തിന് സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് യുഎഇ ആരോഗ്യ വകുപ്പില്‍ നിന്ന് വാങ്ങി സാക്ഷ്യപ്പെടുത്തി അയക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ തന്നെ മരണകാരണം വ്യക്തമാക്കുന്നതല്ലാതെ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് യുഎഇ അധികൃതര്‍ സാധാരണ നല്‍കാറില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. മറ്റ് വിമാനത്താവളങ്ങളിലേക്ക് ഇങ്ങനെ മൃതദേഹങ്ങള്‍ എത്തിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

ഒടുവില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ദില്ലി വിമാനത്താവള അധികൃതരുമായി നേരിട്ട് സംസാരിച്ച ശേഷമാണ് മൃതദേഹം കൊണ്ടുവരാനുള്ള സമ്മതപത്രം ദില്ലിയില്‍ നിന്ന് ഇത്തിഹാദ് അധികൃതര്‍ക്ക് കൈമാറിയത്. രാവിലെ നാട്ടിലേക്ക് കൊണ്ടുവരേണ്ടിയിരുന്ന മൃതദേഹം ഇത് കാരണം രാത്രി 9.45നുള്ള വിമാനത്തിലാണ് അബുദാബിയില്‍ നിന്ന് അയച്ചത്. നേരത്തെയും ദില്ലി വിമാനത്താവളത്തില്‍ നിന്ന് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!