ഖത്തറിലെ വിസ ഓണ്‍ അറൈവല്‍; ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ ഹോട്ടല്‍ ബുക്കിങ് പേജ് പുനഃസ്ഥാപിച്ചു

By Web TeamFirst Published Apr 14, 2022, 9:07 PM IST
Highlights

ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ട്രാവല്‍ ഏജന്‍സികളെയാണ് ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ ഹോട്ടല്‍ ബുക്കിങിനായി ലിസ്റ്റ് ചെയ്‍തിരിക്കുന്നത്. 

ദോഹ: വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഖത്തറിലെത്തുന്നവര്‍ക്ക് വേണ്ടിയുള്ള ഹോട്ടല്‍ ബുക്കിങ് പുനഃരാരംഭിച്ചു. ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ ഇതിനായുള്ള പേജ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഖത്തറിലെത്താന്‍ ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ട്രാവല്‍ ഏജന്‍സികളെയാണ് ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ ഹോട്ടല്‍ ബുക്കിങിനായി ലിസ്റ്റ് ചെയ്‍തിരിക്കുന്നത്. വിസ ഓണ്‍ അറൈവല്‍ സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിയവര്‍ക്ക് വേണ്ടി മാത്രമാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നുള്ള 'കട്ടിങ് എഡ്‍ജ്', ഇറാനില്‍ നിന്നുള്ള 'പി.സി.ജി', പാകിസ്ഥാനില്‍ നിന്നുള്ള 'ട്രാവല്‍ വിത്ത് ഫ്ലെയര്‍' എന്നീ ട്രാവല്‍ ഏജന്‍സികള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തിലെ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഡിസ്‍കവര്‍ ഖത്തര്‍ പ്ലാറ്റ്ഫോം വഴിയുള്ള ഹോട്ടല്‍ ബുക്കിങ് നിര്‍ബന്ധമാക്കിക്കൊണ്ട് കഴിഞ്ഞയാഴ്‍ചയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം ഹോട്ടല്‍ ബുക്കിങ് പേജ്, ഡിസ്‍കവര്‍ ഖത്തര്‍ വെബ്‍സൈറ്റില്‍ നിന്ന് നീക്കിയതോടെ തീരുമാനം പിന്‍വലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികള്‍. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഹോട്ടല്‍ ബുക്കിങ് പുനഃസ്ഥാപിച്ചത്.

click me!