ശസ്ത്രക്രിയ്ക്കിടെ രോഗി അബോധാവസ്ഥയിലായ സംഭവം; ഡോക്ടര്‍ പുകവലിക്കാന്‍ പുറത്തുപോയെന്ന് കണ്ടെത്തല്‍

By Web TeamFirst Published May 17, 2019, 4:05 PM IST
Highlights

മൂക്കിന്റെ വളവ് നിവര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയക്കാണ് യുവതി ആശുപത്രിയില്‍ എത്തിയത്. 50,000 ദിര്‍ഹമായിരുന്നു ഇതിന് ഈടാക്കിയത്. രാവിലെ 10 മണിയോടെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി. രണ്ട് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം മൂന്ന് മണിയായിട്ടും വിവരമൊന്നും പുറത്ത് കാത്തുനിന്ന ബന്ധുക്കളെ അറിയിച്ചില്ല. 

ദുബായ്: ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെ അനസ്തറ്റിസ്റ്റ് പുകവലിക്കാനും കാപ്പി കുടിക്കാനുമായി പുറത്തുപോയെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററില്‍ കഴിഞ്ഞ മാസം 23ന് നടന്ന ശസ്ത്രക്രിയക്കിടെയാണ് രോഗി ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് 'കോമ' അവസ്ഥയിലാവുകയും ചെയ്തത്.

സ്വദേശി യുവതിക്കാണ് ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനവും മസ്തിഷ്കാഘാതവുമുണ്ടായത്. അതീവ ഗുരുതരാവസ്ഥയില്‍ മറ്റൊരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്ക് ഇത്രയും ദിവസം കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററില്‍ എല്ലാ ശസ്ത്രക്രിയകളും വിലക്കിയിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ ഇഎന്‍ടി സ്പെഷ്യലിസ്റ്റും അനസ്തേഷ്യ വിദഗ്ധനും രോഗികളെ പരിശോധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി, ഹെല്‍ത്ത് റെഗുലേഷന്‍ സെക്ടര്‍ സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ല അറിയിച്ചു.

മൂക്കിന്റെ വളവ് നിവര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയക്കാണ് യുവതി ആശുപത്രിയില്‍ എത്തിയത്. 50,000 ദിര്‍ഹമായിരുന്നു ഇതിന് ഈടാക്കിയത്. രാവിലെ 10 മണിയോടെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി. രണ്ട് മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വൈകുന്നേരം മൂന്ന് മണിയായിട്ടും വിവരമൊന്നും പുറത്ത് കാത്തുനിന്ന ബന്ധുക്കളെ അറിയിച്ചില്ല. ഇതിനിടെ സ്ഥിതി വഷളായ യുവതിയെ വേറൊരു വാതിലിലൂടെ പുറത്തെത്തിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യവും ഏറെ വൈകിയാണ് ബന്ധുക്കള്‍ അറിഞ്ഞത്. ശസ്ത്രക്രിയക്കിടെ രക്തസമ്മര്‍ദം അപകടകരമാംവിധം താഴുകയും രക്തചംക്രമണത്തിന്റെ വേഗത കുറഞ്ഞതോടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ കുറയുകയുമായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏഴ് മിനിറ്റുകളോളം യുവതിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഇതോടെയാണ് കോമ അവസ്ഥയിലേക്ക് പോയത്. രോഗി ഗുരുതരാവസ്ഥയിലേക്ക് പോയത് മനസിലാക്കാതെ ഡോക്ടര്‍ ശസ്ത്രക്രിയ തുടര്‍ന്നുവെന്നും എമിറാത്ത് അല്‍ യൗം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിഎച്ച്എ പ്രത്യേക സംഘത്തിന് രൂപം നല്‍കി. യുവതിക്ക് നേരത്തെ ഹൃദയസംബന്ധമായ ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. രണ്ട് ഡോക്ടര്‍മാരുടെ ഭാഗത്തും ഗുരുതരമായ വീഴ്ചയുണ്ടായി. ശസ്ത്രക്രിയക്ക് മുന്‍പ് നടത്തേണ്ട പരിശോധനകള്‍ നടത്തുകയോ നടപടികള്‍ പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതിന് പുറമെ ശസ്ത്രക്രിയ നടക്കുമ്പോള്‍ രോഗിയുടെ അപ്പപ്പോഴുള്ള വിവരങ്ങള്‍ അനസ്തേഷ്യാ വിദഗ്ദന്‍ ശരിയായി രേഖപ്പെടുത്തിയതുമില്ല. അനസ്തേഷ്യ ഫയല്‍ അപൂര്‍ണമായിരുന്നെന്ന് പരിശോധന നടത്തിയ സംഘം കണ്ടെത്തിയിട്ടുണ്ട്.

അനസ്തേഷ്യ നല്‍കിയ രോഗിയുടെ ഓരോ സമയത്തെയും ശാരീരിക അവസ്ഥകള്‍ രേഖപ്പെടുത്താത്തിന് പുറമെ രക്തസമ്മര്‍ദ്ദം കുറഞ്ഞപ്പോഴും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോഴുമുള്ള വിവരങ്ങളും രേഖപ്പെടുത്തിയിരുന്നില്ല. അനസ്തേഷ്യ നല്‍കിയ സമയം പോലും ഫയലില്‍ എഴുതിയിരുന്നില്ലെന്നാണ് കണ്ടെത്തിയത്. ശസ്ത്രക്രിയക്കിടെ രോഗിയുടെ അവസ്ഥ മോശമാവാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരായ ചികിത്സ നല്‍കുന്നതിനും വേണ്ടത്ര രേഖകളില്ലാത്തത് തടസമായി. രോഗിയെ വേറെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും രേഖകളൊന്നും ഉണ്ടായിരുന്നില്ല. ശസ്ത്രക്രിയ നടത്തിയ മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളുണ്ടാവുമ്പോള്‍ മറ്റ് ഡോക്ടര്‍മാരെയോ കൂടുതല്‍ ജീവനക്കാരെയോ വിളിച്ചുവരുത്താനുള്ള സംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രക്തസമ്മര്‍ദം താഴ്ന്ന് ഗുരുതരാവസ്ഥയുണ്ടായപ്പോള്‍ തെറ്റായ മരുന്നുകള്‍ നല്‍കിയെന്നും പരാതിയിലുണ്ട്.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!