
കുവൈത്ത് സിറ്റി: കുവൈത്ത് ഡിജിറ്റൽ സേവനങ്ങൾ നവീകരിക്കുന്നതിനും ആഗോള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുമായി പുതിയ ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം ആരംഭിച്ചു. യാത്രക്കാർക്കും താമസക്കാർക്കും വിസ അപേക്ഷാ പ്രക്രിയ സുതാര്യവും വേഗത്തിലുമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
പുതിയ സംവിധാനത്തിന്റെ അവതരണം കുവൈത്ത് രാജ്യത്തെ ടൂറിസം, വ്യാപാരം, നിക്ഷേപം മേഖലകളിൽ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള ദീർഘകാല പദ്ധതികളുടെ ഭാഗമാണ്. ഇ-വിസ പ്ലാറ്റ്‌ഫോമിലൂടെ നിലവിൽ നാല് വിസ വിഭാഗങ്ങൾ ലഭ്യമാണ്. ടൂറിസ്റ്റ് വിസ, കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, ഔദ്യോഗിക വിസ എന്നിവയാണ് ലഭ്യം. വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഈ വിസകൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
ടൂറിസ്റ്റ് വിസ 90 ദിവസത്തേക്ക് സാധുവാണ്. കുവൈത്തിന്റെ സാംസ്കാരിക വിശിഷ്ടതകളും മനോഹര തീരദേശങ്ങളും ആസ്വദിക്കാനാഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ് ഈ വിസ. കുടുംബ സന്ദർശന വിസ 30 ദിവസം വരെ സാധുതയുള്ളതാണ്. കുവൈത്തിലുള്ള പ്രവാസികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ഫാമിലി വിസയിലൂടെ സാധിക്കും. ബിസിനസ് വിസ 30 ദിവസം സാധുവാണ്. ഈ വിസ കോൺഫറൻസ്, മീറ്റിംഗുകൾ, ഔദ്യോഗിക ബിസിനസ് ഇടപെടലുകൾക്കായി വരുന്ന പ്രൊഫഷണലുകൾക്ക് ലക്ഷ്യമിട്ടുള്ളതാണ് ബിസിനസ് വിസകൾ.
ഇ-വിസ സംവിധാനം ആഭ്യന്തര മന്ത്രാലയം മുന്നോട്ടു കൊണ്ടുപോകുന്ന ഡിജിറ്റൽ രൂപാന്തരത്തിന്റെ ഭാഗമാണെന്ന് അധികൃതർ വ്യക്തമാക്കി. കുവൈത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ, ബിസിനസ് പ്രതിനിധികളെ ആകർഷിക്കുകയും അന്താരാഷ്ട്ര സഹകരണത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. അതേസമയം, ഭാവിയിൽ നടപ്പിലാവാനിരിക്കുന്ന ജിസിസി ഗ്രാൻഡ് ടൂർ വിസ ഗൾഫ് രാജ്യങ്ങളിലെ മൊബിലിറ്റി കൂടുതൽ ലളിതമാക്കും എന്നും, കുവൈത്തിന്റെ ടൂറിസം മേഖലക്ക് വലിയ ഗുണകരമാകും എന്നും പ്രതീക്ഷിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam