
റിയാദ്: സൗദി യുവാവുമായുണ്ടായ വാക്ക് തർക്കത്തിനിടെ മലയാളി യുവാവ് അഖിൽ അശോക് കുമാർ (28) മരിച്ചതിന്‍റെ ഞെട്ടലിലാണ് പ്രവാസി മലയാളി സമൂഹം. ദമ്മാം ബാദിയയിലാണ് സംഭവം ഉണ്ടായത്. രണ്ട് വർഷം മുമ്പാണ് അഖിൽ നാട്ടിലെത്തി വിവാഹിതനായത്. അഖിലിനോടൊപ്പം സന്ദർശക വിസയിലുണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരിച്ചു പോയത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്.
തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ സ്വദേശി പൗരനുമായുള്ള വാക്ക് തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിനെയും തുടർന്ന് സ്റ്റെയർകെയ്‌സ് പടികളിൽ നിന്ന് വീണാണ് മരിച്ചത്. യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ അതിവേഗ നീക്കത്തിൽ കൊലപാതകിയായ സ്വദേശി പൗരനെ ഉടൻ തന്നെ പിടികൂടി അറസ്റ്റ് ചെയ്തു. ഏഴ് വർഷമായി ദമ്മാമിന് സമീപം ഖത്തീഫിൽ എ.സി ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്ന അഖിൽ സംഭവസ്ഥലത്ത് എത്തിയത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നുണ്ട്. ഖത്തീഫിലുള്ള ഇദ്ദേഹം ദമ്മാം ബാദിയയിൽ എന്തിന് പോയി എന്നതിനെക്കുറിച്ച് സഹപ്രവർത്തകർക്കും വ്യക്തമായ ധാരണയില്ല.
അശോക കുമാർ സുന്ദരേശൻ നായർ, സിന്ധു തങ്കമ്മ എന്നിവരാണ് അഖിലിന്റെ മാതാപിതാക്കൾ. റിയാദിലുള്ള അഖിലിന്റെ സഹോദരൻ ആദർശും ബന്ധുക്കളും ദമ്മാമിലെത്തി സഹോദരൻ്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ലോക കേരളസഭാ അംഗവും സാമൂഹിക പ്രവർത്തകനുമായ നാസ് വക്കത്തിന്‍റെ നേതൃത്വത്തിൽ മരണാന്തര നിയമനടപടികൾ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ