
റിയാദ്: സൗദി അറേബ്യയിൽ രണ്ടര വർഷത്തെ ജയിൽവാസത്തിൽനിന്ന് മോചിതനായി തിരുവനന്തപുരം വിതുര സ്വദേശി റഷീദ് നാടണഞ്ഞു. വ്യാജ സാമൂഹ്യപ്രവർത്തകൻ ചമഞ്ഞെത്തിയ സുഹൃത്തിൻറെ വാക്ക് കേട്ടതാണ് റഷീദ് ജയിലിൽ അകപ്പെടാൻ ഇടയായത്.
നാല് വർഷം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ റഷീദ് ജിദ്ദയിലെത്തുന്നത്. എന്നാൽ സ്വദേശിയായ സ്‌പോൺസർ റഷീദിനെ തെൻറ സ്‌പെയർ പാർട്‌സ് കടയിൽ ജോലി ചെയ്യാൻ നിർബന്ധിച്ചു. സ്വദേശിവത്ക്കരണം ശക്തമായ സമയത്ത് പരിശോധന കർശനമാക്കിയപ്പോഴാണ് റഷീദിൻറെ ജീവിതം മാറ്റിമറിച്ച സംഭവമുണ്ടാകുന്നത്. സ്വദേശി തൊഴിലെടുക്കേണ്ട തസ്തികയിൽ വിദേശിയെ കണ്ട പോലീസ് അടുത്ത തവണ പരിശോധനക്കെത്തുമ്പോൾ തൊഴിൽ സ്ഥലത്ത് കണ്ടാൽ അറസ്റ്റ് ചെയ്യുമെന്ന് റഷീദിന് മുന്നറിയിപ്പ് നൽകി.
ഇതുകേട്ട് ഭയന്ന റഷീദ് തൊഴിലിടം വിട്ട് സുഹൃത്തിെൻറ അടുത്ത് അഭയം തേടി. പാസ്‌പോർട്ട് സ്‌പോൺസറുടെ അടുത്തായതിനാൽ ഉടൻ നാട്ടിലെത്താൻ സാമൂഹ്യ പ്രവർത്തകൻ ചമഞ്ഞ് അടുത്തെത്തിയ ഷാൻ എന്നയാൾ വഴി പറഞ്ഞു കൊടുത്തത് റഷീദിന് വിനയായി. ജിദ്ദയിലെ നാടുകടത്തൽ കേന്ദ്രത്തെ സമീപിച്ചാൽ ജയിലിലടച്ച് മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തുമെന്നാണ് ഷാൻ റഷീദിനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. ഇതിനായി 4000 റിയാൽ റഷീദിൽ നിന്നും വാങ്ങിയ ഷാനെ പിന്നീട് കണ്ടിട്ടില്ല.
ഇതിനിടയിൽ റഷീദ് ഒളിച്ചോടിയെന്ന പരാതിയും സ്‌പോൺസർ കൊടുത്തിരുന്നു. മൂന്ന് ദിവസം കൊണ്ട് നാട്ടിലെത്തുമെന്ന് കരുതിയ റഷീദ് 28 മാസമാണ് ജയിലിൽ കിടന്നത്. ഇതിനിടയിൽ ജിദ്ദയിൽ നിന്നും റിയാദിലെ ജയിലിലേക്ക് റഷീദിനെ മാറ്റിയിരുന്നു. ജയിൽ മോചനത്തിനായി വിവിധ കേന്ദ്രങ്ങളെ റഷീദിെൻറ മാതാപിതാക്കൾ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് വിഷയം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ് റഷീദിന് മോചനം സാധ്യമായത്.
Read Also - നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കും; സൗദിയും ഇറാനും തമ്മിൽ ചർച്ചകൾ തുടങ്ങി
ഇതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളെല്ലാം റിയാദ് ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടൽ മൂലം പരിഹരിച്ചാണ് റഷീദിനെ സൗദി കോടതി ജയിൽ മോചിതനാക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി റിയാദിൽ നിന്നും മുംബൈ വഴി ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ റഷീനെ സഹോദരൻ റമീസും മറ്റ് ബന്ധുക്കളും സ്വീകരിച്ചു. സഹോദരെൻറ മോചനത്തിനായി പരിശ്രമിച്ച എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പ് റിയാദ് ഓഫിസിനും റമീസ് നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ