
റിയാദ്: വാഹനത്തിൽ കയറാതെ പുറത്തുനിന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കൈ ഗിയറിൽ തട്ടി മുന്നോട്ട് കുതിച്ച വാഹനത്തിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് ചിറ്റൂർ സ്വദേശി ധർമ്മദുരൈ (27) ആണ് നാലുമാസത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ അൽഖർജിൽ അന്ത്യശ്വാസം വലിച്ചത്.
കൃഷിയിടത്തിലെ ട്രാക്ടർ ഡ്രൈവറായിരുന്ന സഹപ്രവർത്തകൻ അവധിക്ക് പോയതിനെത്തുടർന്നാണ് ധർമ്മദുരൈ വാഹനം ഓടിക്കാൻ ശ്രമിച്ചത്. പുറത്തുനിന്ന് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഗിയർ വീണ് ട്രാക്ടർ പെട്ടെന്ന് മുന്നോട്ട് കുതിക്കുകയും സമീപം നിന്നിരുന്ന ധർമ്മദുരൈ വാഹനത്തിനടിയിലേക്ക് വീഴുകയുമായിരുന്നു. തലയിലൂടെ ട്രാക്ടർ കയറിയിറങ്ങിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അൽഖർജ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുമാസത്തോളം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു വർഷം മുമ്പാണ് ധർമ്മദുരൈ പ്രവാസജീവിതത്തിനായി സൗദിയിലെത്തിയത്. ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. അഞ്ചുമാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും സാധിക്കാതെയാണ് ധർമ്മദുരൈയുടെ അപ്രതീക്ഷിത വിയോഗം. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം വൈസ് ചെയർമാൻ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam