യമനിലെയും സൗദിയിലെയും ജനങ്ങളെ ആക്രമിക്കാൻ ഹൂതി വിമതർ ഉപയോഗിക്കുന്ന കേന്ദ്രങ്ങൾ തകർക്കാൻ സഖ്യസേന സൈനിക നീക്കം തുടങ്ങി. ഹൊദൈദ തുറമുഖത്തെയും സൻആയിലെയും പ്രധാന ആയുധ സംഭരണശാലകളും മിസൈൽ കേന്ദ്രങ്ങളും സൈന്യം നശിപ്പിച്ചു. സാധാരണക്കാർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ആക്രമണം.
റിയാദ്: യമനിലെയും സൗദി അറേബ്യയിലെയും സാധാരണ ജനങ്ങളെ ആക്രമിക്കാൻ ഹൂതി വിമതർ ഉപയോഗിക്കുന്ന കേന്ദ്രങ്ങൾ തകർക്കുന്നതിനായി പ്രത്യേക സൈനിക നീക്കം തുടങ്ങിയതായി സഖ്യസേന അറിയിച്ചു. യമൻ സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ സംയുക്ത സൈനിക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൂതികളുടെ സൈനിക നീക്കങ്ങൾക്ക് കരുത്തുപകരുന്ന പ്രധാന കേന്ദ്രങ്ങളെല്ലാം ഈ ആക്രമണത്തിൽ ലക്ഷ്യമിട്ടിട്ടുണ്ട്.
ആയുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും കടത്താനും കൈമാറ്റം ചെയ്യാനും ഹൂതികൾ ഉപയോഗിച്ചിരുന്ന ഹൊദൈദ തുറമുഖത്തെ സംവിധാനങ്ങളാണ് സഖ്യസേന പ്രധാനമായും തകർത്തത്. ഇതിനുപുറമെ സൻആ, സഅദ, തായിസ് എന്നീ പ്രവിശ്യകളിലുള്ള ഹൂതികളുടെ സൈനിക താവളങ്ങളും മിസൈൽ കേന്ദ്രങ്ങളും നശിപ്പിക്കുന്നതിനായുള്ള നീക്കങ്ങൾ തുടരുകയാണെന്നും സഖ്യസേന അറിയിച്ചു. സൈനിക ആവശ്യങ്ങൾക്കും യുദ്ധനീക്കങ്ങൾക്കുമായി ഹൂതികൾ ഉപയോഗിച്ചിരുന്ന ഏഴ് സൈനിക കേന്ദ്രങ്ങൾ സഖ്യസേന തകർത്തു. ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിനുള്ള തറകളും ഡ്രോൺ വിമാനങ്ങളുടെ ഭാഗങ്ങളും നിർമ്മിക്കാനും കൂട്ടിയോജിപ്പിക്കാനും ഉപയോഗിച്ചിരുന്ന ആറ് വർക്ക്ഷോപ്പുകളും സൈന്യം നശിപ്പിച്ചിട്ടുണ്ട്.
സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ സൻആയിലും സഖ്യസേന ആക്രമണം നടത്തി. ഹൂതികളുടെ മിസൈൽ, ഡ്രോൺ സംവിധാനങ്ങളെയാണ് ഇവിടെ ലക്ഷ്യമിട്ടത്. ഇതിനൊപ്പം സൻആയിലെ ഹൂതികളുടെ പ്രധാന ആയുധ-വിതരണ സംഭരണശാലകളിലൊന്നും സഖ്യസേന പൂർണ്ണമായും തകർത്തു. ആക്രമണം നടത്തുന്നതിന് മുന്നോടിയായി, വെള്ളിയാഴ്ച ഉച്ചയോടെ ഹൊദൈദ തുറമുഖത്ത് നിന്ന് ഒഴിഞ്ഞുപോകാൻ സഖ്യസേന സാധാരണക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒഴിഞ്ഞുപോകേണ്ട സ്ഥലങ്ങൾ കൃത്യമായി രേഖപ്പെടുത്തിയ പ്രത്യേക ഭൂപടവും സഖ്യസേന പുറത്തുവിട്ടിരുന്നു.
















