ലൈസന്‍സില്ലാതെ വീട്ടില്‍ റെസ്റ്റോറന്റ്; മൂന്ന് പ്രവാസികള്‍ ബഹ്‌റൈനില്‍ പിടിയില്‍

By Web TeamFirst Published Dec 5, 2022, 12:31 PM IST
Highlights

വ്യാവസായിക വാണിജ്യ മന്ത്രാലയത്തിന്റെ വാട്‌സാപ്പിലേക്ക് ഒരു സ്വദേശി അയച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അധികൃതര്‍ സ്ഥലം റെയ്ഡ് ചെയ്ത് ഏഷ്യക്കാരായ പ്രവാസികളെ അറസ്റ്റ് ചെയ്തത്.

മനാമ: ബഹ്‌റൈനില്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലെ വീട്ടില്‍ ലൈസന്‍സില്ലാതെ റെസ്റ്റോറന്റ് പ്രവര്‍ത്തിപ്പിച്ച മൂന്ന് പ്രവാസികള്‍ പിടിയില്‍. ജുഫൈറിലെ വില്ലയിലാണ് ലൈസന്‍സില്ലാതെ ഭക്ഷണവും ആല്‍ക്കഹോളിക് പാനീയങ്ങളും നല്‍കി വന്നത്. കുറ്റക്കാരായ പ്രവാസികള്‍ കോടതിയില്‍ വിചാരണ നേരിടണം. 

വ്യാവസായിക വാണിജ്യ മന്ത്രാലയത്തിന്റെ വാട്‌സാപ്പിലേക്ക് ഒരു സ്വദേശി അയച്ച പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അധികൃതര്‍ സ്ഥലം റെയ്ഡ് ചെയ്ത് ഏഷ്യക്കാരായ പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കള്‍ക്കായി വിലവിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മെനുവും ഇവര്‍ പ്രിന്റ് ചെയ്തിരുന്നു. ലൈസന്‍സില്ലാതെ ഭക്ഷണ പാനീയങ്ങള്‍ വില്‍പ്പന നടത്തിയ കുറ്റത്തിന് പ്രതികളെ ഉടന്‍ ലോവര്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രതികളെ ചോദ്യം ചെയ്ത് ആവശ്യമായ രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.

Read More -  വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

അതേസമയം ബഹ്റൈനില്‍ തൊഴില്‍ - താമസ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. താമസ നിയമങ്ങള്‍ ലംഘിച്ച 123 പ്രവാസികളെ ഇന്ന് മാത്രം അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നാഷണാലിറ്റി - പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പുമായി സഹകരിച്ച്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടറേറ്റാണ് പരിശോധന നടത്തിയതും കുറ്റക്കാരെ അറസ്റ്റ് ചെയ്തതും. 

Read also:  രണ്ടാഴ്‍ച മുമ്പ് നാട്ടില്‍ നിന്നെത്തിയ പ്രവാസി താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും നാഷണാലിറ്റി - പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് (എന്‍പിആര്‍എ), ആഭ്യന്തര മന്ത്രാലയത്തിന്റെ ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

ജോലി സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെത്തി പ്രവാസികളുടെ രേഖകളും ബയോമെട്രിക് വിവരങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ജോലിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളും നിരവധി താമസ നിയമലംഘനങ്ങളും പരിശോധനകളില്‍ കണ്ടെത്തി. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി നിയമലംഘകരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. 

click me!