ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി

Published : Jun 05, 2023, 07:20 PM IST
ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി

Synopsis

രാവിലെ 8.10ഓടെ മക്കയിലെത്തിയ ഹാജിമാരെ നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു. മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത പ്രവാചകനെ മദീന വാസികൾ സ്വാഗതം ചെയ്ത കവിതാശകലം ഉരുവിട്ട് അവർ ഓരോ ഹാജിയെയും പ്രൗഢമായി തന്നെ സ്വീകരിച്ചു. 

റിയാദ്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം മക്കയിലെത്തി. കണ്ണൂരിൽ  നിന്നുള്ള ഐ.എക്സ് 3027 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 ഹാജിമാരാണ് രാവിലെ അഞ്ച് മണിയോടെ ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലെത്തിയത്. 73 പുരുഷൻമാരും 72 സ്ത്രീകളുമുൾപ്പെടുന്ന ആദ്യ സംഘത്തിന്റെ നടപടികളെല്ലാം പൂർത്തിയാക്കി ആറര മണിയോടെ തീർത്ഥാടകർ ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ ബസ്സുകളിൽ മക്കയിലേക്ക് യാത്ര തിരിച്ചു. ജിദ്ദ ഹജ്ജ് ടെർമിനലിൽ ഹാജിമാരെ സഹായിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരോടൊപ്പം മലയാളി സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നതുകൊണ്ട് നടപടികളെല്ലാം പെട്ടെന്ന് പൂർത്തീകരിക്കാനായി.

രാവിലെ 8.10ഓടെ മക്കയിലെത്തിയ ഹാജിമാരെ നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു. മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത പ്രവാചകനെ മദീന വാസികൾ സ്വാഗതം ചെയ്ത കവിതാശകലം ഉരുവിട്ട് അവർ ഓരോ ഹാജിയെയും പ്രൗഢമായി തന്നെ സ്വീകരിച്ചു. ഓരോ ഹാജിയുടെയും കൈപിടിച്ച് ബസ്സിൽ നിന്നിറക്കിയ അവർ റൂമിലെത്തിച്ചു. ലഘു ഭക്ഷണങ്ങളും ഈന്തപ്പഴവും മധുരവും കഞ്ഞിയും വിളമ്പി അവർ ഹാജിമാർക്ക് ആശ്വാസം നൽകി. കുടുംബങ്ങളായി എത്തിയ സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ തീർത്ഥാടകരുടെ മനം കവർന്നു. വിവിധ  മലയാളി സംഘടനകൾക്ക് കീഴിൽ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ സജീവമായി സേവനരംഗത്തുണ്ടായിരുന്നു. 

റൂമിലെത്തി അല്പനേരത്തെ വിശ്രമത്തിന് ശേഷം നാട്ടിൽ നിന്നെത്തിയ ഹജ്ജ് വളണ്ടിയർമാരുടെ (ഖാദിമുൽ ഹുജ്ജാജ്) കീഴിൽ മസ്ജിദുൽ ഹറമിലെത്തി ഉംറ നിർവഹിച്ചു. അസീസിയയിലെ ബിൽഡിംഗ് നമ്പർ 260 ലാണ് ആദ്യ സംഘത്തിലെ തീർത്ഥാടകരെ താമസിപ്പിച്ചിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് രാവിലെ പുറപ്പെട്ട മറ്റൊരു വിമാനത്തിലെ ഹാജിമാർ രാവിലെ 8.25ന് ജിദ്ദയിലെത്തി. അവരെ സ്വീകരിക്കാനും സന്നദ്ധപ്രവർത്തകർ സജീവമായി ഉണ്ടായിരുന്നു. മക്കയിലെത്തിയ ഹാജിമാർ ഹജ്ജ് ദിനങ്ങൾ വരെ അവിടെ പ്രാർത്ഥനകളുമായി കഴിഞ്ഞുകൂടും. ഹജ്ജിനു ശേഷമായിരിക്കും മലയാളി തീർത്ഥാടകരുടെ മദീന സന്ദർശനം. മദീന വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്ക യാത്ര.

Read also:  ഒഡിഷ ട്രെയിൻ ദുരന്തം; സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാനും അനുശോചനമറിയിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം