Latest Videos

മഹ്‌റം ഇല്ലാതെ ഹജ്ജിന് പുറപ്പെട്ട മലയാളി വനിതാ തീർഥാടകരുടെ ആദ്യ സംഘം മക്കയിലെത്തി

By Web TeamFirst Published May 25, 2024, 6:09 PM IST
Highlights

മഹ്‌റം ഇല്ലാതെ എത്തിയ ആദ്യ മലയാളി വനിതാ തീർഥാടക സംഘത്തിന് ജിദ്ദ വിമാനത്താവളത്തിലും മക്കയിലെ താമസ സ്ഥലത്തും ഇന്ത്യൻ ഹജ്ജ് മിഷെൻറയും വിവിധ സന്നദ്ധ സംഘടനകളിലെ വനിതകൾ ഉൾപ്പെടെയുള്ള വളൻറിയർമാരുടെയും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.

റിയാദ്: ആൺ തുണയില്ലാതെ (മഹ്‌റം) ഹജ്ജിന് പുറപ്പെട്ട വനിതാ തീർഥാടകരുടെ ആദ്യ മലയാളി സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കരിപ്പൂരിൽ നിന്ന് വനിതകൾ മാത്രമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 8.45നാണ് ജിദ്ദ കിങ്‌ അബ്ദുൽഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഒരു വളൻറിയർ ഉൾപ്പെടെ 166 വനിതാ തീർഥാടകരാണ് വിമാനത്തിൽ യാത്ര ചെയ്തത്. ജിദ്ദയിൽനിന്നും ഇവരെ ഹജ്ജ് സർവീസ് കമ്പനികളുടെ നാല് ബസുകളിലായി മക്കയിലെത്തിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഇവർ മക്ക അസീസിയയിലെ താമസസ്ഥലത്ത് എത്തിച്ചേർന്നത്. അസീസിയിലെ ’മഹത്ത’ത്തിൽ ബങ്ക്ൽ ബ്രാഞ്ച് നാലിലെ 186ാം നമ്പർ ബിൽഡിങ്ങിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. നാട്ടിൽ നിന്നെത്തിയ വനിതാ വളൻറിയർമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെ തന്നെ ഇവരെ മസ്ജിദുൽ ഹറാമിലെത്തിച്ച് ഉംറ ചെയ്യിപ്പിച്ചു.

മഹ്‌റം ഇല്ലാതെ എത്തിയ ആദ്യ മലയാളി വനിതാ തീർഥാടക സംഘത്തിന് ജിദ്ദ വിമാനത്താവളത്തിലും മക്കയിലെ താമസ സ്ഥലത്തും ഇന്ത്യൻ ഹജ്ജ് മിഷെൻറയും വിവിധ സന്നദ്ധ സംഘടനകളിലെ വനിതകൾ ഉൾപ്പെടെയുള്ള വളൻറിയർമാരുടെയും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ഇവരെ സ്വീകരിക്കാനായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിന് വളൻറിയർമാർ നേരത്തെ തന്നെ മക്ക അസീസിയയിൽ ഇവർക്കൊരുക്കിയ കെട്ടിടത്തിന് മുന്നിൽ തമ്പടിച്ചിരുന്നു. ഹാജിമാരെത്തിയതോടെ സ്വാഗത ഗാനമാലപിച്ചും പൂക്കളും വിവിധ ഭക്ഷണങ്ങൾ പാനീയങ്ങളും നൽകിയും വരവേറ്റു. ഒറ്റക്കുള്ള ഹജ്ജ് യാത്രയെന്ന ആശങ്കയോടെ എത്തിയ വനിതാ തീർഥാടകർ അപ്രതീക്ഷിതമായി ലഭിച്ച വരവേൽപ്പ് ആശ്വാസമാകുകയും സ്വന്തം നാട്ടിലെത്തിയ പ്രതീതി അനുഭവിക്കുകയും ചെയ്തു.

Read Also - റഹീമിന്റെ മോചനത്തിനായുള്ള 34 കോടി രൂപയും ഇന്ത്യൻ എംബസിയിലെത്തി; തുടര്‍ നടപടിക്രമങ്ങള്‍ ഇങ്ങനെ

മഹറമില്ലാതെ 5,000 തീർഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനെത്തുന്നത്. ഇതിൽ 3,600 പേരും കേരളത്തിൽ നിന്നാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഈ വിഭാഗത്തിലുള്ള വനിതാ തീർഥാടകർ നേരത്തെ തന്നെ മക്കയിലെത്തിയിരുന്നു. ഇത്തരത്തിൽ ഹജ്ജിനെത്തിയ വനിതാ തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങൾ എല്ലാം പ്രത്യേകമാണ്. അസീസിയയിലെ നാലാം നമ്പർ ബ്രാഞ്ച് വനിതകൾക്ക് മാത്രമായി നിശ്ചയിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!