
റിയാദ്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മക്കയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ ഇറങ്ങിയ 430 അംഗ സംഘത്തെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു.
ഫ്ലൈനാസ് (എക്സ്.വൈ 8008) വിമാനത്തിലെത്തിയ ദൈവത്തിെൻറ അതിഥികളെ ജ്യൂസും ഈത്തപ്പഴവും നൽകിയാണ് വളൻറിയർമാർ വരവേറ്റത്. തുടർന്ന് ഹജ്ജ് സർവീസ് കമ്പനികൾ ഒരുക്കിയ പ്രത്യേക ബസുകളിൽ രാത്രി എട്ടോെ സംഘം മക്കയിലെത്തി. അസീസിയയിലെ 502-ാം നമ്പർ കെട്ടിടത്തിലാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്.
താമസകേന്ദ്രത്തിലെത്തിയ തീർഥാടകരെ കെ.എം.സി.സി, ഐ.സി.എഫ്, വിഖായ, ഒ.ഐ.സി.സി, തനിമ തുടങ്ങിയ സംഘടനകളുടെ നൂറുകണക്കിന് വളൻറിയർമാർ ചേർന്ന് സമ്മാനങ്ങളും ലഘുഭക്ഷണവും നൽകി സ്വീകരിച്ചു. തുടർന്ന് ഹജ്ജ് സർവീസ് കമ്പനി ഇവർക്കുള്ള ‘നുസ്ക്’ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു.
ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ശേഖരിച്ച് താമസസ്ഥലത്ത് എത്തിച്ചുനൽകുന്ന സംവിധാനവും ഒരുക്കിയിരുന്നു. പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന സംഘം താമസസ്ഥലത്തെത്തിയ ശേഷം വൈകാതെ തന്നെ ഉംറ നിർവഹിക്കുന്നതിനായി മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെട്ടു. നേരത്തെ കൊച്ചിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിെൻറയും കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഷാനവാസിെൻറയും നേതൃത്വത്തിലാണ് തീർഥാടകരുടെ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തത്.
ഇതുവരെ ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ മദീന വഴിയാണ് എത്തിയിരുന്നത്. കേരളത്തിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകൾ ഈ മാസം 18 മുതൽ ജിദ്ദ വഴി എത്തിത്തുടങ്ങിയെങ്കിലും, സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ വിമാനമാണ് വ്യാഴാഴ്ച ജിദ്ദയിൽ ഇറങ്ങിയത്. ഇനിവരുന്ന ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരും ജിദ്ദ വഴി എത്തും. കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ സംഘം വെള്ളിയാഴ്ച രാവിലെ ഫ്ലൈനാസ് (എക്സ്.വൈ 8012) വിമാനത്തിൽ എത്തും. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളും ശനിയാഴ്ച മൂന്ന് വിമാനങ്ങളുമാണ് ഹാജിമാരുമായി എത്തുക. കണ്ണൂരിൽ നിന്ന് അടുത്ത ബുധനാഴ്ച മുതലും കോഴിക്കോട് നിന്ന് ഈ മാസം 14 മുതലും സർവീസുകൾ ആരംഭിക്കും. ജിദ്ദ വഴി മക്കയിലെത്തുന്ന തീർഥാടകർ ഹജ്ജിന് ശേഷം മദീന സന്ദർശനം പൂർത്തിയാക്കി അവിടെ നിന്നാകും നാട്ടിലേക്ക് മടങ്ങുക. അതേസമയം, മദീന സന്ദർശനം പൂർത്തിയാക്കിയ മറ്റ് ഇന്ത്യൻ തീർഥാടകർ എട്ടു ദിവസത്തെ സന്ദർശനത്തിന് ശേഷം മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam