ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി തോമസ് അന്തരിച്ചു

Published : Feb 09, 2026, 11:31 AM IST
Dr. C Thomas

Synopsis

ഒമാനിലെ പ്ലാസ്റ്റിക് സർജറി രംഗത്തിന് അടിത്തറയിട്ട പ്രമുഖ മലയാളി ഡോക്ടർ സി. തോമസ് മസ്കറ്റിൽ അന്തരിച്ചു. ഖൗല ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയായിരുന്നു അദ്ദേഹം.   

മസ്‌കറ്റ്: ഒമാനിൽ പ്ലാസ്റ്റിക് സർജറി രംഗത്തെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രമുഖ മലയാളി ഡോക്ടർമാരിൽ ഒരാളായ ഡോ. സി. തോമസ് അന്തരിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രതിഭയായിരുന്ന ഡോ. സി. തോമസ് മസ്കറ്റിലുള്ള വീട്ടിലാണ് നിര്യാതനായത്. കഴിഞ്ഞ ആറു മാസം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .84 വയസ്സായിരുന്നു.

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഖൗല ആശുപത്രിയിൽ ദീർഘകാലം സീനിയർ കൺസൾട്ടന്റും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1981-ൽ ഖൗല ആശുപത്രിയിൽ വെറും 10 കിടക്കകളും ഒരു അസിസ്റ്റന്റ് ഡോക്ടറും ഉൾപ്പെട്ട ചെറിയ യൂണിറ്റായി ആരംഭിച്ച പ്ലാസ്റ്റിക് സർജറി വിഭാഗം, ഇന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റായി വളർന്നത് ഡോ. സി. തോമസിന്റെ നേതൃത്വത്തിലൂടെയാണ്. നിലവിൽ ഏകദേശം 80 കിടക്കകളും 23 വിദഗ്ധ ഡോക്ടർമാരുമുള്ള ഈ വിഭാഗം, ഒമാനിലെ ആരോഗ്യ രംഗത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്.

ഈ വിഭാഗം സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ചിട്ടുള്ളതും, ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന് കീഴിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കും പിജി ഡോക്ടർമാർക്കും പരിശീലനം നൽകുന്നതുമായ ഒരു പ്രധാന അധ്യാപന കേന്ദ്രവുമാണ്. 1998-ൽ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷം, യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ ഈ വിഭാഗത്തെ ഉന്നത ശസ്ത്രക്രിയാ പരിശീലന കേന്ദ്രമായി അംഗീകരിച്ചത് മേഖലയിലെ അപൂർവ നേട്ടമായി കണക്കാക്കപ്പെടുന്നു.

പുനർനിർമാണ ശസ്ത്രക്രിയകൾ, സൗന്ദര്യ വർധനവിനുള്ള കോസ്മെറ്റിക് സർജറികൾ എന്നിവ ഉൾപ്പെടെ പ്ലാസ്റ്റിക് സർജറിയുടെ വിവിധ മേഖലകളിൽ ഡോ. സി. തോമസിന് ദീർഘകാല അന്താരാഷ്ട്ര പരിചയവും ഉയർന്ന വൈദഗ്ധ്യവും ഉണ്ടായിരുന്നു. രോഗി സുരക്ഷയും ശസ്ത്രക്രിയാ ഫലങ്ങളിലെ കൃത്യതയും മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ സമീപനം ഒമാനിലെയും വിദേശരാജ്യങ്ങളിലെയും ആയിരക്കണക്കിന് രോഗികളുടെ വിശ്വാസം നേടിയിട്ടുണ്ട്. ഖൗല ആശുപത്രിയിലെ സേവനത്തിനൊപ്പം, മസ്‌കറ്റിലെ പ്രശസ്തമായ ആസ്റ്റർ അൽ-റഫ്ഫാ ആശുപത്രിയിലും ഡോ. സി. തോമസ് സീനിയർ കൺസൾട്ടന്റ് പ്ലാസ്റ്റിക് സർജനായി പ്രവർത്തിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി രംഗത്തെ പുതിയ സാങ്കേതിക വിദ്യകളും ചികിത്സാരീതികളും പ്രായോഗികമായി നടപ്പിലാക്കി, ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുന്നതിൽ അദ്ദേഹം സ്ഥിരമായി ശ്രദ്ധ പുലർത്തിയിരുന്നു.

വൈദ്യ രംഗത്തെ സംഘടനാപരമായ നേതൃത്വത്തിലും ഡോ. സി. തോമസ് സജീവ സാന്നിധ്യമായിരുന്നു. അസോസിയേഷൻ ഓഫ് പ്ലാസ്റ്റിക് സർജൻസ് ഓഫ് ഒമാന്റെ പ്രസിഡന്റായും, ജി.സി.സി (ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ) പ്ലാസ്റ്റിക് സർജൻസ് അസോസിയേഷന്റെ മുൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് പ്ലാസ്റ്റിക് റീകൺസ്ട്രക്റ്റീവ് ആൻഡ് എസ്റ്ററ്റിക് സർജറിയുടെ ഒമാനിലെ ദേശീയ പ്രതിനിധിയായും ഡോ. സി. തോമസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒമാൻ ആരോഗ്യ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. സി. തോമസിന്റെ സേവനങ്ങൾ, മലയാളികൾക്കു മാത്രമല്ല, അന്താരാഷ്ട്ര മെഡിക്കൽ സമൂഹത്തിനും അഭിമാനമായി എന്നും നിലനിൽക്കും.

പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കല്ലുതുണ്ടിയിൽ കുടുംബാംഗമായ ഡോ. സി. തോമസിന് 1991-ൽ ഒമാൻ ഭരണാധികാരിയായിരുന്ന പരേതനായ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ഒമാൻ പൗരത്വവും ‘ഓർഡർ ഓഫ് ഒമാൻ (സിവിൽ)’ എന്ന രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നും നൽകി ആദരിക്കുകയുണ്ടായി.ഒമാനിലെ ആരോഗ്യ സേവനങ്ങളുടെ വികസനത്തിൽ ഡോ. സി. തോമസ് നടത്തിയ അസാധാരണവും പ്രശംസനീയവുമായ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടായിരുന്നു ഈ ആദരം. ഒമാൻ മെഡിക്കൽ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ അധ്യായമായി മാറിയ ഈ ആദരം, മലയാളി ഡോക്ടർമാർ ആഗോളതലത്തിൽ കൈവരിക്കുന്ന നേട്ടങ്ങളുടെ കൂടി തെളിവാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്‍റെ അവസാന പാദം 'അൽ-അഖ്‌റബ്' തുടങ്ങുന്നു
കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു