
റിയാദ്: സൗദി അറേബ്യയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള നിയോം പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ വരയൻ കഴുതപ്പുലിയുടെ ആദ്യ ജനനം രേഖപ്പെടുത്തി. നാഷനൽ സെൻറർ ഫോർ വൈൽഡ്‌ലൈഫ് ഡെവലപ്‌മെൻറും നിയോമും സംയുക്തമായി നടപ്പാക്കുന്ന വന്യജീവി പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം.
2025 നവംബറിൽ നാല് വരയൻ കഴുതപ്പുലികളെയാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് തുറന്നുവിട്ടത്. പ്രജനന, പുനരധിവാസ പദ്ധതികളുടെ വിജയത്തിലേക്കും പുതിയ ആവാസവ്യവസ്ഥയോട് മൃഗങ്ങൾ അതിവേഗം ഇണങ്ങിച്ചേരുന്നതിലേക്കുമാണ് ഈ സുപ്രധാന ചുവടുവെപ്പ് വിരൽചൂണ്ടുന്നത്.
മാളത്തിൽനിന്ന് കുഞ്ഞുമായി പുറത്തുവരുന്ന പെൺപുലിയുടെ മനോഹരമായ ദൃശ്യങ്ങൾ ദേശീയ വന്യജീവി കേന്ദ്രം ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വരയൻ കഴുതപ്പുലികളെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുന്നതിന് മുൻപ് കൃത്യമായ പുനരധിവാസ നടപടികളാണ് സ്വീകരിച്ചത്. വിദഗ്ധ വെറ്ററിനറി പരിശോധനകൾ, ആരോഗ്യ നിരീക്ഷണം, സംരക്ഷണ കേന്ദ്രത്തിലെ സൗകര്യങ്ങൾ ഉറപ്പുവരുത്തൽ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.
തുറന്നുവിട്ട ശേഷം ജി.പി.എസ് ട്രാക്കിങ് കോളറുകൾ, ഫീൽഡ് കാമറകൾ എന്നിവ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. കൂടാതെ, സ്വാഭാവിക പെരുമാറ്റരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആസൂത്രിതമായ ഭക്ഷണക്രമവും ഏർപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മാസമാണ് പെൺപുലി കുഞ്ഞിനൊപ്പം മാളത്തിൽനിന്ന് പുറത്തുവരുന്ന അപൂർവ ദൃശ്യം ഗവേഷക സംഘം കാമറയിൽ പകർത്തിയത്.
പൂർണാരോഗ്യവാനായ നവജാത കുഞ്ഞിനെ സംരക്ഷിക്കുന്നതിൽ അമ്മപ്പുലി കാണിക്കുന്ന സ്വാഭാവിക പെരുമാറ്റം ഏറെ ശ്രദ്ധേയമാണ്. ദേശീയ വന്യജീവി പ്രജനന-പുനരധിവാസ പരിപാടികളിലെ നിർണായക നാഴികക്കല്ലാണിതെന്ന് ദേശീയ വന്യജീവി കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് അലി ഖുർബാൻ വ്യക്തമാക്കി. വന്യജീവി സംരക്ഷണത്തിലും പാരിസ്ഥിതിക സമതുലിതാവസ്ഥ വീണ്ടെടുക്കുന്നതിലും നിയോമുമായുള്ള സഹകരണം മികച്ച ശാസ്ത്രീയ മാതൃകയാണെന്നും, ഇത് രാജ്യത്തെ ജൈവവൈവിധ്യം കൂടുതൽ കരുറ്റതാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam