സ്കൂളുകളിൽ ഫോട്ടോയോ വീഡിയോയോ എടുക്കരുതെന്ന കർശന നി‍ർദ്ദേശവുമായി യുഎഇ അധികൃതർ. മറ്റു കുട്ടികൾ ഉൾപ്പെടുന്ന ഫോട്ടോകളും വീഡിയോകളും അവരുടെ രക്ഷിതാക്കളുടെ അനുവാദമില്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുത്.

ദുബായ്: യുഎഇയിലെ സ്കൂൾ പരിസരത്ത് ഇനി ഫോട്ടോയോ വീഡിയോയോ എടുക്കുന്നതിൽ മാതാപിതാക്കൾക്ക് കർശന വിലക്ക്. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ദുബായിലെയും ഷാർജയിലെയും പ്രമുഖ സ്കൂളുകളാണ് മാതാപിതാക്കൾക്കും സന്ദർശകർക്കും പുതിയ മാർഗനിർദ്ദേശം നൽകി സർക്കുലർ അയച്ചിരിക്കുന്നത്. മറ്റു കുട്ടികൾ ഉൾപ്പെടുന്ന ഫോട്ടോകളും വീഡിയോകളും അവരുടെ രക്ഷിതാക്കളുടെ അനുവാദമില്ലാതെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ സ്വകാര്യത സംരക്ഷണ നിയമങ്ങൾക്കും അടുത്തിടെ പുറത്തിറക്കിയ നിർദ്ദേശങ്ങൾക്കും വിധേയമായാണ് ഈ നടപടി. ക്ലാസ് മുറികൾ, കൊറിഡോറുകൾ, കളിസ്ഥലങ്ങൾ, അസംബ്ലി, കുട്ടികളെ സ്കൂളിൽ ഇറക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമായ സ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിലെല്ലാം ഈ വിലക്ക് ബാധകമാണ്. മറ്റു കുട്ടികളുടെയോ അധ്യാപകരുടെയോ ജീവനക്കാരുടെയോ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുമ്പോഴുണ്ടാകുന്ന സ്വകാര്യതാ ലംഘനം തടയുകയാണ് സ്കൂൾ അധികൃതരുടെ ലക്ഷ്യം.