
ദുബൈ: യുഎഇയില്‍ വെടിയേറ്റ നിലയില്‍ ഒരു കഫേയ്‍ക്ക് സമീപം കണ്ടെത്തിയ നായയ്ക്ക് ചികിത്സയുടെ ഭാഗമായി രക്തം നല്‍കാന്‍ അഞ്ച് നായ്കളെ ദുബൈയില്‍ നിന്ന് റാസല്‍ഖൈമയില്‍ എത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ ദൈതിലെ ഒരു കഫെറ്റീരിയയുടെ സമീപത്തു നിന്നാണ് അവശനിലയിലായ അറേബ്യന്‍ വേട്ടനായയെ ഉമ്മുല്‍ ഖുവൈനിലെ സ്‍ട്രേ ഡോഗ് സെന്റർ (എസ്.ഡി.സി) ഏറ്റെടുത്തത്.
ഗുരുതരമായ പരിക്കുകളോടെ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വലഞ്ഞ നായയ്‍ക്ക് ഒരു വഴിയാത്രക്കാരന്‍ പാല്‍ വാങ്ങി നല്‍കുകയും എസ്.ഡി.സി പ്രവര്‍ത്തകരെ വിവരമറിയിക്കുകയുമായിരുന്നു. സന്നദ്ധ സേവകരെത്തി നായയെ ഏറ്റെടുക്കുന്നതു വരെ അദ്ദേഹം അവിടെ കാത്തു നില്‍ക്കുകയും ചെയ്‍തു. എസ്.ഡി.സി പ്രവര്‍ത്തകര്‍ നായയെ റാസല്‍ഖൈമയിലെ ഒരു വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി. അത്ഭുതകരമായ രക്ഷപെടാലായിരുന്നതിനാല്‍ 'ലക്കി' എന്നാണ് ഈ നായയ്ക്ക് അവര്‍ പേരിട്ടത്.
വിശദമായ പരിശോധനയില്‍ ലക്കിയുടെ കഴുത്തിന് ചുറ്റും മൂന്ന് തവണ വെടിയേറ്റ പെല്ലറ്റുകള്‍ കണ്ടെത്തി. ആഹാരം ലഭിക്കാത്തതിന്റെ അവശതകളും മറ്റ് മുറിവുകളും ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍ അറിയിച്ചു. ആരോഗ്യനില അപകടാവസ്ഥയിലായിരുന്നു. ഇതോടെ ലക്കിയ്ക്ക് രക്തം നല്‍കാന്‍ സഹായം തേടി എസ്.ഡി.സി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കി. 25 മുതല്‍ 30 വരെ പ്രായമുള്ള അസുഖങ്ങളില്ലാത്ത ഒരു നായയെ രക്തം ദാനം ചെയ്യാന്‍ ആവശ്യമുണ്ടെന്നായിരു ന്നു പരസ്യം.
പരസ്യം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം തന്നെ നിരവധിപ്പേര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തി. തുടര്‍ന്ന് അഞ്ച് നായകളെ രക്തം ദാനം ചെയ്യാനായി ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലെത്തിച്ചു. ഇതില്‍ നിന്ന് ഒരു നായയെയാണ് ഡോക്ടര്‍ തെരഞ്ഞെടുത്തത്. 300 മില്ലീ ലിറ്റര്‍ രക്തം ശേഖരിച്ച് ലക്കിക്ക് നല്‍കുകയാണ് ചെയ്യുന്നത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് ശേഷം ലക്കിയെ ശസ്‍ത്രക്രിയക്ക് വിധേയനാക്കി പെല്ലറ്റുകള്‍ നീക്കം ചെയ്യാനാണ് പദ്ധതി.
മൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ക്രൂരതകള്‍ ശ്രദ്ധയില്‍പെടുന്നവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവാദികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് ഉമ്മുല്‍ ഖുവൈനിലെ സ്‍ട്രേ ഡോഗ് സെന്റർ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Read also: ഖത്തറില്‍ തടവിലായിരുന്ന ആറു മത്സ്യത്തൊഴിലാളികളില്‍ അവസാനത്തെയാളും തിരിച്ചെത്തി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ