കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ബോട്ടില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി സംബന്ധിച്ച് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോളിന് സൂചന ലഭിച്ചതോടെ കുവൈത്ത് കോസ്റ്റ് ഗാര്‍ഡ് ഈ ബോട്ട് തടയുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമം ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ പരാജയപ്പെടുത്തി. വിദേശത്തു നിന്ന് 80 കിലോഗ്രാം ഹാഷിഷും ക്രിസ്റ്റല്‍ മെത്തുമാണ് ഒരു ബോട്ടില്‍ കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്ത് പ്രതിരോധിക്കുന്നതിനിടെ കള്ളക്കടത്തുകാര്‍ വെടിവെയ്‍ക്കുകയായിരുന്നു.

കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ബോട്ടില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി സംബന്ധിച്ച് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോളിന് സൂചന ലഭിച്ചതോടെ കുവൈത്ത് കോസ്റ്റ് ഗാര്‍ഡ് ഈ ബോട്ട് തടയുകയായിരുന്നു. എന്നാല്‍ ബോട്ട് പരിശോധിക്കാന്‍ അനുവദിക്കാതെ കള്ളക്കടത്തുകാര്‍ കോസ്റ്റ്‍ഗാര്‍ഡ് സംഘത്തിന് നേരെ വെടിവെച്ചു. ഇതോടെ കോസ്റ്റ് ഗാര്‍ഡും തിരികെ വെടിവെയ്‍ക്കുകയായിരുന്നു. 

രണ്ട് കള്ളക്കടത്തുകാര്‍ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 80 കിലോഗ്രാം മയക്കുമരുന്നാണ് ബോട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ബോട്ടിനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലാണ് ഇവ സൂക്ഷിച്ചിരുന്നത്. പരിശോധനയുടെയും ബോട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ കാണാം...

Scroll to load tweet…