വാഷിങ് മെഷീനില്‍ കുടുങ്ങി അഞ്ചു വയസ്സുകാരി മരിച്ച നിലയില്‍

By Web TeamFirst Published Sep 30, 2022, 10:23 PM IST
Highlights

മാതാവിനെ തിരഞ്ഞെത്തിയ കുട്ടിയുടെ ശ്രദ്ധ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീനിലേക്ക് തിരിഞ്ഞു. ഇതിലേക്ക് നോക്കിയ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനുള്ളിലേക്ക് വീഴുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കെയ്‌റോ: ഈജിപ്തില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയെ വാഷിങ് മെഷീനിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാവ് വീട്ടുജോലികള്‍ ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനിന് ഉള്ളില്‍ വീണതാകാമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

കെയ്‌റോയ്ക്ക് സമീപമുള്ള ഗിസയിലെ അയ്യാത് എന്ന സ്ഥലത്താണ് സംഭവം ഉണ്ടായത്. വാഷിങ് മെഷീന്‍ ഓണ്‍ ആക്കിയ ശേഷം കുട്ടിയുടെ മാതാവ് മറ്റ് വീട്ടുജോലികളില്‍ വാപൃതയായതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മാതാവിനെ തിരഞ്ഞെത്തിയ കുട്ടിയുടെ ശ്രദ്ധ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീനിലേക്ക് തിരിഞ്ഞു. ഇതിലേക്ക് നോക്കിയ കുട്ടി അബദ്ധത്തില്‍ വാഷിങ് മെഷീനുള്ളിലേക്ക് വീഴുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

കുറച്ചു സമയത്തിന് ശേഷമാണ് മാതാവ് മകളെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രോസിക്യൂട്ടര്‍മാര്‍ യുവതിയെ ചോദ്യം ചെയ്തു. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം സംശയിക്കുന്നില്ല. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുമതി നല്‍കി. 

Read More: പിതാവിന്റെ തോക്ക് എടുത്ത് കളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ വെടിയേറ്റ് മരിച്ചു

അതേസമയം ഈജിപ്തില്‍ കഴിഞ്ഞ ദിവസം മറ്റൊരു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

Read More:  മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയത് കര്‍ട്ടന്‍ ഹുക്കുകള്‍; സഹോദരി ഇട്ടതെന്ന് അമ്മ

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഈജിപ്ഷ്യന്‍ സുരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചു. തുടര്‍ന്ന് സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് 13കാരനായ സഹോദരന്‍ കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയുടെ ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞതായി കണ്ടത്. കുട്ടി രണ്ടു വയസ്സുകാരനെ താഴേക്ക് എറിയുമ്പോള്‍ മാതാപിതാക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

click me!