ഇഫ്താര്‍ സമയത്ത് റെസ്റ്റ് ഹൗസില്‍ നിന്ന് മോഷണം പോയത് 40 ആടുകള്‍; പൊലീസില്‍ പരാതി നല്‍കി യുവാവ്

By Web TeamFirst Published Apr 23, 2022, 3:39 PM IST
Highlights

സുരക്ഷാ ജീവനക്കാരന്‍ സുഹൃത്തിനൊപ്പം ഇഫ്താര്‍ വിരുന്നിനായി പോയ സമയത്താണ് മോഷണം നടന്നത്.

കുവൈത്ത് സിറ്റി: ഇഫ്താര്‍ സമയത്ത് മരുഭൂമിയിലുള്ള തന്റെ റെസ്റ്റ് ഹൗസില്‍ നിന്ന് 40 ആടുകള്‍ മോഷണം പോയതായി പൊലീസില്‍ പരാതി നല്‍കി കുവൈത്ത് സ്വദേശി. പടിഞ്ഞാറന്‍ കുവൈത്തിലെ അല്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ അല്‍ മുത്‌ലയിലാണ് സംഭവം.

കള്ളന്മാര്‍ തന്റെ സ്ഥലത്തേക്ക് ഒളിച്ചു കടക്കുകയും കെട്ടിടത്തിന്റെ ഭിത്തിയിലൂടെ അകത്തേക്ക് കയറുകയുമായിരുന്നെന്ന് പരാതിക്കാരന്‍ പറയുന്നു. സുരക്ഷാ ജീവനക്കാരന്‍ സുഹൃത്തിനൊപ്പം ഇഫ്താര്‍ വിരുന്നിനായി പോയ സമയത്താണ് മോഷണം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

കള്ളന്മാര്‍ മോഷ്ടിച്ച ആടുകളെ അപരിചതമായ സ്ഥലത്തേക്ക് കൊണ്ടുപോയതായും യുവാവ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. ആടുകളെ തിരിച്ചറിയാനുള്ള അടയാളങ്ങളും വിശദാംശങ്ങളും യുവാവ് പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആടുകളെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുന്നതിന് മുമ്പ് അവയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണം തുടരുകയാണ് പൊലീസ്. 
 

click me!