ദുബായ് വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്നുവീണ് നാല് മരണം

By Web TeamFirst Published May 17, 2019, 12:23 PM IST
Highlights

അപകടത്തിന് പിന്നാലെ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാത്രി ഒരു മണിക്കൂറോളം തടസപ്പെട്ടു. പ്രാദേശിക സമയം രാത്രി 07:36 മുതല്‍ 08:22 വരെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. യു.കെ രജിസ്ട്രേഷനുള്ള ഡിഎ 42 വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഇത്.

ദുബായ് വിമാനത്താവളത്തില്‍ നിന്ന് വെറും മൂന്ന് മൈല്‍ അകലെയായിരുന്നു അപകടം. മൂന്ന് ബ്രിട്ടീഷ് പൗരന്മാരും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനുമാണ് വിമാനത്തിലുണ്ടായിരുന്നത്. നാവിഗേഷന്‍ സംവിധാനത്തിനായി വിവരശേഖരണത്തിന് ഉപയോഗിച്ചിരുന്ന വിമാനമാണിത്. സാങ്കേതിക തകരാറുളുകളാണ് അപകടത്തിന് കാരണം.

അപകടത്തിന് പിന്നാലെ ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്നലെ രാത്രി ഒരു മണിക്കൂറോളം തടസപ്പെട്ടു. പ്രാദേശിക സമയം രാത്രി 07:36 മുതല്‍ 08:22 വരെ വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു നടപടിയെന്ന് വിമാനത്താവളം അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷം പ്രവര്‍ത്തനം സാധാരണ ഗതിയിലായി.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!