
റിയാദ്: സൗദി അറേബ്യയിൽ തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് ദുരിതത്തിലായ നാല് ഇന്ത്യൻ നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ വഴിതെളിഞ്ഞു. റിയാദിലെ ഇന്ത്യൻ എംബസിയുടെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് നാവികരുടെ മടക്കയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങിയത്. നാവികരുടെ സൈൻ-ഓഫ് നടപടിക്രമങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചതായും, ഔദ്യോഗിക നടപടികൾ പൂർത്തിയായ ഉടൻ ഇവർ ഇന്ത്യയിലേക്ക് വിമാനമാർഗ്ഗം തിരിക്കുമെന്നും എംബസി 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ സൗകര്യങ്ങളും പിന്തുണയും നൽകിയ സൗദി അധികൃതർക്ക് റിയാദിലെ ഇന്ത്യൻ എംബസി നന്ദി രേഖപ്പെടുത്തി. നാട്ടിലേക്ക് തിരിക്കുന്ന നാവികർക്ക് സുരക്ഷിതമായ യാത്രയും കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ ദിനങ്ങളും എംബസി ആശംസിച്ചു. അതേസമയം, നാവികർ ജോലി ചെയ്തിരുന്ന കപ്പലിന്റെ പേരോ, തൊഴിലുടമയെക്കുറിച്ചുള്ള വിവരങ്ങളോ, തർക്കത്തിന് കാരണമായ വിഷയം എന്തെന്നോ എംബസി പരസ്യമാക്കിയിട്ടില്ല.
വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ നാവികർ സമാനമായ തൊഴിൽ പ്രതിസന്ധികളും ദുരിതങ്ങളും നേരിടുന്ന പശ്ചാത്തലത്തിലാണ് ഈ ആശ്വാസ വാർത്തയെത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സൗദിയിലെ യാൻബു വാണിജ്യ തുറമുഖത്ത് അടിയന്തര സഹായ സേവനങ്ങൾ നൽകുന്ന 'ക്രോക്കഡൈൽ 001' എന്ന ഡൈവിംഗ് സപ്പോർട്ട് വെസ്സലിൽ 10 ഇന്ത്യക്കാർ ഉൾപ്പെടെ 12 ജീവനക്കാർ കുടുങ്ങിപ്പോയിരുന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൾ പ്രകാരം നാല മാസത്തെ ശമ്പള കുടിശ്ശികയാണ് ഇവർക്ക് ലഭിക്കാനുണ്ടായിരുന്നത്. എംബസി ഇടപെട്ട് നടത്തിയ തുടർനടപടികളുടെ ഭാഗമായി ഒക്ടോബർ 8-ലെ വിവരമനുസരിച്ച് ഇതിലൊരു നാവികനെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിലും, ലഭിക്കാനുള്ള കുടിശ്ശിക തുക പൂർണ്ണമായി നൽകാതെയാണ് കപ്പൽ കമ്പനി ജീവനക്കാരെ ഒഴിവാക്കിയത്.
സൗദി അറേബ്യയിൽ തൊഴിൽപരമായ പരാതികളും തർക്കങ്ങളും നേരിടുന്ന ഇന്ത്യൻ പൗരന്മാർക്ക് റിയാദിലെ ഇന്ത്യൻ എംബസി നിരന്തരം പിന്തുണ നൽകിവരുന്നുണ്ട്. സൗദി ഭരണകൂടവുമായും ബന്ധപ്പെട്ട മറ്റ് അധികാരികളുമായും ഏകോപിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിൽ എംബസി സജീവമായി ഇടപെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam