
ഫുജൈറ: ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പ്രവാസി മലയാളി സിദ്ദീഖ് തുപ്പിലിക്കാട്ട് മൊയ്തീന്‍റെ കുടുംബത്തെ സന്ദർശിച്ച് ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഷർഖി. അപകടത്തിൽ സിദ്ദീഖിന്‍റെ ഇരട്ടക്കുട്ടികളും കൊച്ചുമകനുമാണ് മരണപ്പെട്ടത്. കുടുംബാംഗങ്ങളെ നേരിൽ കണ്ട കിരീടാവകാശി അഗാധമായ അനുശോചനം രേഖപ്പെടുത്തി.
വ്യാഴാഴ്ച ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ വൻ വാഹനാപകടത്തിൽ 14 പേരാണ് മരിച്ചത്. അടുത്ത കാലത്ത് യുഎഇയിലുണ്ടായ ഏറ്റവും വലിയ വാഹനാപകടങ്ങളിലൊന്നാണിത്. മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയായതായും 10 സ്വദേശികളും നാല് ഇന്ത്യക്കാരുമാണ് മരിച്ചതെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ആദ്യ അപകടത്തിന്‍റെ രക്ഷാപ്രവർത്തനത്തിനായി നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ പിന്നാലെയെത്തിയവ ഇടിച്ചുകയറിയതാണ് രണ്ടാം അപകടം. മലപ്പുറം സ്വദേശികളായ മുഹമ്മദ് അസ്മിൽ, മിസ്ന ജുബിൻ, മുഹമ്മദ് ഫായിസ് എന്നിവരാണ് ആദ്യ അപകടത്തിൽ മരിച്ചത്. യുഎഇ സന്ദർശനത്തിനെത്തിയ ഗുജറാത്ത് കുടുംബം മടക്കയാത്രയ്ക്ക് ഫുജൈറ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു രണ്ടാമത്തെ അപകടം. ഗുജറാത്ത് സ്വദേശിയായ 13 വയസ്സുകാരനും മരണപ്പെട്ടു.
അപകടത്തിൽ 30 പേർക്കാണ് പരിക്കേറ്റത്. ഇതിൽ ഏഴ് പേർ ഇന്ത്യക്കാരാണ്. എട്ട് യുഎഇ സ്വദേശികൾ, ആറ് ഒമാൻ സ്വദേശികൾ, മൂന്ന് ഈജിപ്ത് സ്വദേശികൾ, രണ്ട് ജോർദാൻ സ്വദേശികൾ, രണ്ട് പാകിസ്ഥാൻ സ്വദേശികൾ, രണ്ട് ബ്രസീൽ സ്വദേശികൾ എന്നിവർക്കാണ് പരിക്കേറ്റത്.
18 കാറുകളും അഞ്ച് ലോറികളുമടക്കം 23 വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. നിയന്ത്രണം വിട്ട ഒരു ട്രക്ക് മറ്റൊരു കാറിലിടിച്ച ശേഷം മറിയുകയും, ഗതാഗതക്കുരുക്കിനെ തുടർന്ന് വേഗത കുറച്ചതോ നിർത്തിയിട്ടതോ ആയ നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കൂട്ടിയിടിയെത്തുടർന്ന് വാഹനങ്ങൾക്ക് തീപിടിച്ചതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. പൊലീസ്, ആംബുലൻസ്, സിവിൽ ഡിഫൻസ്, രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അപകടവുമായി ബന്ധപ്പെട്ട തുടർനടപടികളും അന്വേഷണവും ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പൂർത്തിയാക്കിവരികയാണെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam