
റിയാദ്: സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന് (എഫ്.ഐ.ഐ) കീഴിൽ ഏഴാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമായി. വ്യാഴാഴ്ച വരെ റിയാദ് റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടക്കുന്ന സൗദിയുടെ തന്ത്രപ്രധാനമായ ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളനത്തിൽ ലോക നേതാക്കളും വിവിധ രാജ്യങ്ങളുടെ മന്ത്രിമാരും സി.ഇ.ഒമാരും ഉൾപ്പെടെ 5,000-ത്തോളം പേർ പങ്കെടുക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചയോടെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ദക്ഷിണ കൊറിയൻ പ്രസിഡൻറ് യൂൺ സുക് യോലും വേദിയിലെത്തി. സഹകരണത്തിൻറെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും പൊതുവായ പുരോഗതിക്കായും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മികച്ച അവസരമാണ് തൻറെ സൗദി സന്ദർശനമെന്നും സമ്മേളനത്തിൽ സംസാരിക്കവേ പ്രസിഡൻറ് യൂൺ സൂക് യോൽ പറഞ്ഞു. ഊർജം, പ്രതിരോധം, അടിസ്ഥാന സൗകര്യ നിർമാണം എന്നീ മേഖലകളിൽ 29 ശതകോടി ഡോളറിെൻറ സാമ്പത്തിക സഹകരണം സൗദിയുമായി ഞങ്ങൾക്കുണ്ട്.
സാമ്പത്തിക സഹകരണത്തിനും നിക്ഷേപത്തിനും തെൻറ രാജ്യം വിശ്വസനീയമായ പങ്കാളിയാണ്. കൊറിയയുടെ സാധ്യതകളിൽ ആദ്യം വിശ്വാസമർപ്പിച്ച രാജ്യമാണ് സൗദി അറേബ്യ. സൗദിയും മറ്റ് മധ്യപൗരസ്ത്യ രാജ്യങ്ങളും കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ കൊറിയയെ ഏൽപ്പിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യയോ പ്രകൃതി വിഭവങ്ങളോ ഇല്ലാതിരുന്ന മറ്റു രാജ്യങ്ങളിൽ നാം നടത്തിയ അത്ഭുതങ്ങൾക്കുള്ള തുടക്കമായിരുന്നു ഇത്. ഇപ്പോഴും ഭൗമരാഷ്ട്രീയ പിരിമുറുക്കം മൂലമുള്ള അനിശ്ചിതത്വം കാണുമ്പോഴും മധ്യപൗരസ്ത്യൻ രാജ്യങ്ങൾ കൊറിയയെ വിശ്വസിക്കുന്നത് തുടരുന്നുവെന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് പറഞ്ഞു. കഴിഞ്ഞ വർഷം കിരീടാവകാശി കൊറിയ സന്ദർശിച്ചതിന് നന്ദിയുണ്ട്.
ഊർജം, പ്രതിരോധം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ 29 ശതകോടി ഡോളറിെൻറ സാമ്പത്തിക സഹകരണം സൗദി പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് ദക്ഷിണ കൊറിയൻ പ്രസിഡൻറ് സൗദിയിലെത്തിയത്. കിരീടാവകാശിയുമായും മറ്റ് ഉന്നതരുമായും കൂടിക്കാഴ്ചകളും യോഗങ്ങളും നടത്തി. നിരവധി കരാറുകൾ ഒപ്പുവെച്ചു.
Read Also - വാഹന പെർമിറ്റ് ഫീസ് വാഹനത്തിന്‍റെ ഇന്ധനക്ഷമതക്കനുസരിച്ച്; പുതിയ നിയമം നടപ്പാക്കി സൗദി
‘പുതിയ ചക്രവാളം’ എന്ന ശീർഷകത്തിൽ ലോകത്തിലെ വിവിധ വിഷയങ്ങളിലാണ് സംരംഭകത്വ സമ്മേളനത്തിൽ ചർച്ച നടക്കുന്നത്. നിരവധി ഇന്ത്യൻ നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്. ആദ്യ ദിവസത്തെ പ്ലീനറി സെഷനിൽ ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സംസാരിച്ചു.
പ്രസാദാത്മകമായ ആഗോള സ്വാധീനം സൃഷ്ടിക്കുന്നതിനും വളർച്ചയുടെയും സമൃദ്ധിയുടെയും പുതിയ അതിർത്തികൾ കണ്ടെത്തുന്നതിനും നിക്ഷേപത്തിനായുള്ള പുതിയ പാതകളെക്കുറിച്ച് ആലോചിക്കുന്നതാണ് ഈ സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam