
മസ്കറ്റ്: ഒമാനിലെ പ്രമുഖ വ്യവസായിയും സാമൂഹിക സേവകനുമായ ശൈഖ് സലിം സഈദ് ഹാമദ് അൽ ഫന്നാഹ് അൽ അറൈമി അന്തരിച്ചു. 85 വയസ്സായിരുന്നു. ഗൾഫാർ എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്റ്റിംഗ് കമ്പനിയുടെയും ഒമാനിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെയും പുരോഗതിക്ക് നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഗൾഫാറിന്റെ ചെയർമാനായി, ഒമാന്റെ വിവിധ പ്രധാനപ്പെട്ട പദ്ധതികളെ വിജയകരമായി നടപ്പിലാക്കിയതിലൂടെ രാജ്യത്തിന്റെ വികസനരേഖയിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ഏറെ വലുതാണ്.
വ്യാപാര രംഗത്തോടൊപ്പം സമൂഹത്തിന്‍റെയും വിദ്യാഭ്യാസ രംഗത്തിന്റെയും വളർച്ചയ്ക്കായി ശൈഖ് സലിം സംഭാവനകൾ നൽകിയിട്ടുണ്ട്. നാഷണൽ ഡ്രില്ലിംഗ് & സർവീസസ് എൽഎൽസി, സലിം ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്, ഒമാൻ മെഡിക്കൽ കോളേജ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ മുന്നിൽ നിന്ന് നയിച്ച വ്യക്തിത്വമായിരുന്നു ശൈഖ് സലിം അൽ അറൈമി. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്‌നോളജിയുടെ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഒമാനിലെ ഉന്നത വിദ്യാഭ്യാസത്തിന് അദ്ദേഹം നൽകിയ പിന്തുണ അഭിനന്ദനാർഹമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ സംരംഭങ്ങൾക്കും നൽകിയ പിന്തുണ അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ ഏറെ സ്ഥാനം നേടിയെടുക്കുവാൻ കഴിഞ്ഞിരുന്നു.
ശൈഖ് സലിമിന്റെ നിര്യാണം ഒമാനിന്റെ ബിസിനസ് രംഗത്തിനും സാമൂഹിക മേഖലകൾക്കുമൊരു വലിയ നഷ്ടമായി കരുതപ്പെടുന്നു. രാജ്യത്തെ പ്രമുഖരും സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനങ്ങൾ രേഖപ്പെടുത്തി. 1972ലാണ് അൽ അറൈമി ഗൽഫാർ കമ്പനി സ്ഥാപിച്ചത്. 2007ൽ ഒമാനിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനിയായും പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയായും ഇത് മാറുകയുണ്ടായി. യു.കെ യിലെ ഗ്ലാസ്‌ഗോ കാലിഡോണിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ഇദ്ദേഹം. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രിയുടെ വൈസ് പ്രസിഡന്റ്, ഫ്രാങ്കോ-അറബ് ചേംബർ ഓഫ് കൊമേഴ്‌സിൽ അംഗം, ഒമാൻ ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റ് എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ