
മസ്‌കറ്റ്: സുപ്രധാന പരിഷ്‌കരണങ്ങളുമായി ഒമാനില്‍ പുതിയ തൊഴില്‍ നിയമത്തിന് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്‍കി. തൊഴില്‍ സമയം എട്ടു മണിക്കൂറാക്കി പരിമിതപ്പെടുത്തല്‍, സിക്ക് ലീവ് വര്‍ധിപ്പിക്കല്‍, പുരുഷന്‍മാര്‍ക്ക് പിതൃത്വ അവധി എന്നിങ്ങനെ വിവിധ പരിഷ്‌കരണങ്ങളാണ് പുതിയ തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുന്നത്. തൊഴിലാളി ക്ഷേമവും തൊഴിലുടമയുടെ അവകാശങ്ങളും ഒരുപോലെ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ തൊഴില്‍ നിയമം തയ്യാറാക്കിയിട്ടുള്ളത്.
തൊഴില്‍ സംബന്ധമായ എല്ലാ വിഷയങ്ങളും പത്ത് ഖണ്ഡികകളിലായി പ്രതിപാദിക്കുന്നു. ഇതനുസരിച്ച് എട്ടു മണിക്കൂറായിരിക്കും ജോലി സമയം. വിശ്രമവേള ഉള്‍പ്പെടാതെയാണിത്. സിക്ക് ലീവും വര്‍ധിപ്പിച്ചിട്ടുണ്ട്. കുഞ്ഞ് ജനിച്ചാല്‍ പിതാവിന് ഏഴു ദിവസത്തെ പറ്റേണിറ്റി ലീവ് (പിതൃത്വ അവധി) ലഭിക്കും. രോഗിക്ക് കൂട്ടിരിക്കാന്‍ 15 ദിവസത്തെ രോഗീപരിചരണ ലീവും ലഭിക്കും. സ്ത്രീകളുടെ പ്രസവാവധിയും വര്‍ധിപ്പിച്ചു. രാത്രികാല ഷിഫ്റ്റ് പകലിലേക്ക് മാറ്റാന്‍ കഴിയും. എന്നാല്‍ രാത്രിയില്‍ ജോലി ചെയ്യാനാകില്ലെന്ന് തെളിയിക്കണം.
Read Also - പത്ത് വര്‍ഷത്തെ സാംസ്‌കാരിക വിസ അവതരിപ്പിക്കാന്‍ ഒമാന്‍
തൊഴില്‍പരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജനറല്‍ ട്രേഡ് യൂണിയന്‍ ശക്തിപ്പെടുത്തലും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് കുട്ടികളുടെ പരിപാലനത്തിന് ദിവസവും ഒരു മണിക്കൂറും 98 ദിവസം പ്രസവാവധിയും നല്‍കണം. കുട്ടികളുടെ പരിപാലനത്തിന് വേണ്ടി വന്നാല്‍ ഒരു വര്‍ഷം വരെ ശമ്പളമില്ലാത്ത അവധിയും ലഭിക്കും. 25ല്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വിശ്രമസ്ഥലവും തൊഴിലുടമ ഒരുക്കണം.
കൂടാതെ തൊഴിലുടമയ്ക്ക് തന്റെ തൊഴിലാളിയെ മറ്റൊരു ഉടമക്ക് കീഴില്‍ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ അനുവദിക്കാം. എന്നാല്‍ ഇതിന് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇതിലൂടെ പുതിയ തൊഴിലാളിയെ നിയമിക്കുന്ന ചെലവ് ചുരുക്കാനാകും. സ്ഥാപനത്തിന് വേണ്ട തൊഴില്‍ മികവ് ഇല്ലെങ്കില്‍ തൊഴിലാളിയെ പിരിച്ചുവിടാനും അധികാരമുണ്ട്. എന്നാല്‍ തൊഴിലാളിയുടെ പോരായ്മ വ്യക്തമാക്കി കൊടുക്കുകയും അത് പരിഹരിക്കാന്‍ ആറു മാസത്തെ സമയം നല്‍കുകയും വേണം. തൊഴിലാളികള്‍ക്കിടയിലെ മത്സരബുദ്ധി വര്‍ധിപ്പിക്കാന്‍ തൊഴിലാളികളുടെ ഉല്‍പ്പാദനക്ഷമത അനുസരിച്ച് സ്ഥാനക്കയറ്റങ്ങളും നടത്തണം.
Read Also - പ്രവാസികള്‍ക്ക് ആശ്വാസം; നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു
സിക്ക് ലീവുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. തൊഴിലാളി ആവശ്യപ്പെടുകയാണെങ്കില്‍ ശമ്പളമില്ലാത്ത സ്‌പെഷ്യല്‍ ലീവുകള്‍ നല്‍കണം. സ്വദേശിവത്കരണത്തിന്റെ ഭാഗമായി അതേ തസ്തികകളില്‍ യോഗ്യരായ സ്വദേശികള്‍ ഉണ്ടെങ്കില്‍ വിദേശികളെ പിടിച്ചുവിടാവുന്നതാണ്. സമരങ്ങളെ തുടര്‍ന്നുള്ള സ്തംഭനാവസ്ഥ ഒഴിവാക്കാന്‍ തൊഴിലാളികളോ പ്രതിനിധികളോ തര്‍ക്ക പരിഹാരത്തിനായി അനുരഞ്ജന സമിതിയെ അറിയിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ