
അബുദാബി: അബാദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്സ് ഹോളിഡേ സെയില്‍ പ്രഖ്യാപിച്ചു. തങ്ങള്‍ സര്‍വീസ് നടത്തുന്ന വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ഇക്കാലയളവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇപ്പോഴത്തെ ഹോളിഡേ സെയിലിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത്.
സെപ്റ്റംബര്‍ 11 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 24 വരെയുള്ള കാലയളവിലേക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയര്‍വേയ്‍സിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിക്കുന്നു. ഇക്കണോമി ക്ലാസില്‍ വിവിധ നഗരങ്ങളിലേക്ക് അബുദാബിയില്‍ നിന്ന് 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.
ടിക്കറ്റ് നിരക്കിലെ ഡിസ്‍കൗണ്ടിന് പുറമെ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ചും നിലവിലുള്ള നഗരങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചും ഇത്തിഹാദ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലേക്കുള്ള സര്‍വീസുകളും കമ്പനി വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ മാസം മുതല്‍ കൊച്ചിയിലേക്ക് എട്ട് അധിക സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും ഉണ്ടായിരുന്ന പ്രതിദിന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്യും.
തിരുവനന്തപുരത്തേക്കുള്ള വിമാനം അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 2.20നും കോഴിക്കോടേക്കുള്ള വിമാനം ഉച്ചയ്ക്ക് 1.40നും ആയിരിക്കും പുറപ്പെടുക. കൊച്ചിയിലേക്ക് എട്ട് സര്‍വീസുകള്‍ കൂടി പുതിയതായി ആരംഭിക്കുന്നതോടെ ആഴ്ചയില്‍ ആകെ 21 സര്‍വീസുകളുണ്ടാവും ഇത്തിഹാദിന്. വിദേശ രാജ്യങ്ങളിലെ നിരവവധി സെക്ടറുകളിലേക്കും ഇത്തിഹാദ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിക്കുകയും നിലവിലുള്ള സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്.
അതേസമയം 2023 ഓഗസ്റ്റ് 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ റദ്ദാക്കിയതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഗോഫസ്റ്റ് അധികൃതർ അറിയിച്ചു. മാത്രമല്ല കൂടുതൽ വിവരങ്ങൾക്ക് http://shorturl.at/jlrEZ എന്ന വെബ്സൈറ്റ് സന്ദർശിക്കാനും സംശയങ്ങളും ആശങ്കകളുമുള്ള യാത്രക്കാർക്ക് ഗോ ഫസ്റ്റുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയിൽ പറയുന്നു. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർലൈൻ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ