ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; തീർഥാടകർ ഇന്ന് രാത്രി മുതൽ മിനായിലേക്ക് നീങ്ങും, ഇന്ത്യയിൽ നിന്ന് ഇത്തവണ 1.22 ലക്ഷം പേർ

Published : May 24, 2026, 04:09 PM IST
 hajj

Synopsis

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും, ഇതിന്‍റെ ഭാഗമായി ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രിയോടെ മിനായിലേക്ക് നീങ്ങും. ചൊവ്വാഴ്ച നടക്കുന്ന അറഫാ സംഗമമാണ് ഹജ്ജിലെ പ്രധാന ചടങ്ങ്, ഇത്തവണ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കുന്നത്.

റിയാദ്: ലോകത്തെ ഏറ്റവും വലിയ ജനസംഗമങ്ങളിലൊന്നായ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ ‘യൗമുത്തുർവിയ്യ’യിൽ (തർവിയാ ദിനം) പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് (ഞായറാഴ്ച) രാത്രി മുതൽ പുണ്യനഗരിയായ മിനായിലേക്ക് പുറപ്പെടും. മക്കയിലെ താമസകേന്ദ്രങ്ങളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് അതിഥികൾ മിനാ താഴ്വര ലക്ഷ്യമാക്കി നീങ്ങുന്നത്.

ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ പുണ്യഭൂമിയിൽ എത്തിയിരിക്കുന്നത്. സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകരും തിങ്കളാഴ്ച വൈകുന്നേരത്തോടെ മിനായിൽ പൂർണമായി എത്തിച്ചേരും. ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ചൊവ്വാഴ്ചയാണ്.

ഹജ്ജ് ചടങ്ങുകൾ

തിങ്കൾ: മിനായിൽ രാപ്പാർക്കൽ (തർവിയാ ദിനം)

ചൊവ്വ: അറഫാ സംഗമം (പകൽ), സൂര്യാസ്തമയത്തിനു ശേഷം മുസ്ദലിഫയിലേക്ക് യാത്ര, രാത്രി അവിടെ താമസം.

ബുധൻ മുതൽ: വീണ്ടും മിനായിൽ തിരിച്ചെത്തുന്നു. മൂന്ന് ദിവസത്തെ രാപ്പാർപ്പ്, ബലി കർമം, ജംറകളിലെ കല്ലേറ് എന്നിവ പൂർത്തിയാകുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും.

ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനെത്തിയിട്ടുള്ളത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇന്ത്യൻ ഹാജിമാർക്ക് അതത് ഹജ്ജ് സർവീസ് കമ്പനികളുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാനുള്ള കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിൻ (മശാഇർ മെട്രോ) സൗകര്യം ഇത്തവണ ഒന്ന് മുതൽ 18 വരെയുള്ള ഹജ്ജ് കമ്പനി ഓഫീസുകൾക്കും (മക്തബുകൾ), 35-ാം നമ്പർ മക്തബിനും ലഭ്യമാക്കിയിട്ടുണ്ട്. ആയിരത്തോളം പേർ ഒഴികെ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകർക്കും ഇത്തവണ മെട്രോ വഴിയാണ് യാത്രയൊരുക്കിയിരിക്കുന്നത്. മെട്രോ സൗകര്യമില്ലാത്ത മറ്റുള്ള ഹാജിമാരെ പ്രത്യേക ബസുകളിൽ മിനായിലേക്ക് എത്തിക്കും. ധന്യമായ ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമി പൂർണ്ണ സജ്ജമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാഴ്ചക്കുള്ളിൽ നാടുകടത്തിയത് 9,800 പ്രവാസികളെ, കടുപ്പിച്ച് സൗദി; കർശന പരിശോധന തുടർന്ന് അധികൃതർ
പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി