ഹോർമുസ് കടലിടുക്കിൽ സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ  ശക്തമായി അപലപിച്ചു. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ കൗൺസിലിനും നേരെയുള്ളതായി കണക്കാക്കുമെന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉപയോഗിക്കുമെന്നും ജിസിസി വ്യക്തമാക്കി.  

അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ സൗദി അറേബ്യയുടെ 'വാദിയൻ', ഖത്തറിന്റെ 'അൽ റേഖയ്യാത്' എന്നീ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെയും ആഗോള ഊർജ്ജ വിതരണത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികൾ ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് ജിസിസി പ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളെയും ജിസിസി കൗൺസിൽ അപലപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്താരാഷ്ട്ര നിയമങ്ങളുടെയും സുരക്ഷിതമായ സമുദ്ര ഗതാഗതം ഉറപ്പുനൽകുന്ന യുഎൻ സെക്യൂരിറ്റി കൗൺസിലിന്‍റെ 'റെസല്യൂഷൻ 2817'-ന്‍റെയും നഗ്നമായ ലംഘനമാണ് ഇറാൻ നടത്തുന്നത്. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച സുപ്രധാന ധാരണാപത്രത്തിന്റെ ലംഘനം കൂടിയാണിതെന്നും ജിസിസി ചൂണ്ടിക്കാണിച്ചു. അംഗരാജ്യങ്ങളുടെ സുരക്ഷ എന്നത് വിഭജിക്കാൻ കഴിയാത്ത ഒന്നാണെന്നും ഏതെങ്കിലും ഒരു ജിസിസി രാജ്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണം കൗൺസിലിലെ മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണക്കാക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ജിസിസി ചാർട്ടറിനും സംയുക്ത പ്രതിരോധ കരാറിനും വിധേയമായി ഇത്തരം ഭീഷണികളെ ഒന്നിച്ച് നേരിടാൻ എല്ലാ അംഗരാജ്യങ്ങളും പൂർണ്ണ സന്നദ്ധത പ്രഖ്യാപിച്ചു.

യുണൈറ്റഡ് നേഷൻസ് ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച്, ഒരു അധിനിവേശം ഉണ്ടായാൽ വ്യക്തിപരമായും കൂട്ടായും സ്വയം പ്രതിരോധിക്കാനുള്ള അവകാശം ജിസിസി രാജ്യങ്ങൾക്കുണ്ട്. തങ്ങളുടെ പരമാധികാരവും സുരക്ഷിതത്വവും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ജിസിസി കൗൺസിൽ വ്യക്തമാക്കി.

ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണി

ഈ ആക്രമണങ്ങളുടെയും അതിന്റെ അനന്തരഫലങ്ങളുടെയും പൂർണ്ണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കും. ഇറാന്റെ ശത്രുതാപരമായ നിലപാടുകളും മേഖലയിലെ അസ്ഥിരതയും അന്താരാഷ്ട്ര സമാധാനത്തെ തകർക്കുന്നതിനൊപ്പം ആഗോള ഊർജ്ജ വിപണിയെയും ലോക സമ്പദ്‌വ്യവസ്ഥയെയും ഗുരുതരമായ പ്രതിസന്ധിയിലാക്കുമെന്നും ജിസിസി മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹവും യുഎൻ സെക്യൂരിറ്റി കൗൺസിലും അടിയന്തരമായി ഇടപെടണമെന്ന് ജിസിസി ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് യാതൊരുവിധ നിയന്ത്രണങ്ങളോ സർവീസ് ചാർജ്ജുകളോ ഇല്ലാതെ കപ്പലുകൾക്ക് കടന്നുപോകാൻ അനുമതി നൽകണം. ഇറാന്റെ ശത്രുതാപരമായ നീക്കങ്ങൾക്ക് ഉപാധികളില്ലാതെ ഉടനടി അറുതി വരുത്തണമെന്നും ഹോർമുസ് കടലിടുക്ക് സുസ്ഥിരമായി തുറന്നിടാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ജിസിസി പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.