പ്രാണനകലും മുമ്പ് നാടണയാൻ കൊതിച്ച് പ്രവാസി; പക്ഷേ വിധി കരുതിവെച്ചത് മറ്റൊന്ന്

Published : Mar 16, 2024, 04:46 AM IST
പ്രാണനകലും മുമ്പ് നാടണയാൻ കൊതിച്ച് പ്രവാസി; പക്ഷേ വിധി കരുതിവെച്ചത് മറ്റൊന്ന്

Synopsis

സൗദി അറേബ്യയിൽ നിന്ന് നാട്ടിലേക്കുള്ള വിമാനം കയറും മുമ്പ് റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം റിയാദിൽ തന്നെ ഖബറടക്കി

റിയാദ്: പക്ഷാഘാതത്തിന്റെ പിടിയിലമർന്നപ്പോഴും പ്രാണൻ വിട്ടകലും മുമ്പ് ഉറ്റവരുടെ ചാരത്തണയാൻ കൊതിച്ചു. നടക്കാനാവതില്ലാഞ്ഞിട്ടും വീൽച്ചെയറിലുരുണ്ട് രണ്ട് തവണ എയർപോർട്ടിലെത്തി. മെഡിക്കൽ സർട്ടിഫിക്കറ്റിലെ തെറ്റ് കാരണം ആദ്യ യാത്ര മുടങ്ങി. രണ്ടാം തവണ എല്ലാം ശരിയാക്കിയെങ്കിലും വിമാനത്തിൽ കയറാൻ മരണം അനുവദിച്ചില്ല. 

ഉത്തർപ്രദേശ് ജലാലബാദ് മുഹമ്മാദിഗഞ്ച് സ്വദേശി സാലിം ഷാഫി (48) ആണ് ഈ ഹതഭാഗ്യൻ. എട്ട് വർഷമായി റിയാദിലെ ഒരു റോഡ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. നാല് മാസം മുമ്പ് സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളർന്ന് റിയാദ് അൽ ഈമാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായില്ലെങ്കിലും ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അരുകിലെത്താൻ അയാളാഗ്രഹിച്ചു.

ഈ മാസം ഏഴിന് സൗദി എയർലൈൻസ് വിമാനത്തിൽ വീൽച്ചെയർ യാത്രക്കാരനായി പോകാൻ ആവശ്യമായ നടപടികൾ പൂർത്തിയാക്കി. ഒരു ബന്ധുവിന്റെ സഹായത്താൽ റിയാദ് എയർപ്പോർട്ടിൽ എത്തി. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിയ തീയതി തെറ്റാണെന്ന് കണ്ടെത്തി അധികൃതർ യാത്ര തടഞ്ഞു. തിരികെ വീണ്ടും അൽഈമാൻ ആശുപത്രിയിൽ അഡ്മിറ്റായി. ആ വിമാന ടിക്കറ്റ് നഷ്ടമായി. അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ ഡൽഹിക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിൽ പോകാൻ ടിക്കറ്റെടുത്തു. ബന്ധു മുഹമ്മദ് ഖാലിദിനൊപ്പം വീൽച്ചെയറിൽ രാവിലെ തന്നെ എയർപ്പോർട്ടിലെത്തി.

ബോഡിങ് പാസ് കിട്ടി, നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അകത്തുകയറി. വിമാനത്തിലേക്കുള്ള കവാടം തുറക്കാൻ ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോൾ മരണമെത്തി യാത്ര തടഞ്ഞു. വീൽചെയറിൽ തന്നെ ഇരുന്ന് മരിക്കുകയായിരുന്നു. സമീപത്തെ അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. 

ആശുപത്രിയിൽനിന്ന് കിട്ടിയ വിവരപ്രകാരം സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഇന്ത്യ എംബസി വഴി നാട്ടിലെ കുടുംബത്തെ ബന്ധപ്പെട്ടു റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് റിയാദ് ഖസീം റോഡിലെ ഷിമാൽ മഖ്ബറയിൽ ഖബറടക്കി. ശിഹാബിന് സഹായമായി ബന്ധു ഗുൽസാറും ഒപ്പമുണ്ടായിരുന്നു. സാലിം ഷാഫിയുടെ പിതാവ് ഷാഫിയും മാതാവ് ഫൗസാൻ ബീഗവും നേരത്തെ മരിച്ചിരുന്നു. ഗുൽഷാൻ സലീമാണ് ഭാര്യ. മക്കൾ - മുക്തദിർ, മുസയ്യബ്, ഫൈസ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഗാസ വെടിനിർത്തൽ; ഖത്തറിന്‍റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് ഗൾഫ് സഹകരണ കൗൺസിൽ
പാസ്പോർട്ട് എപ്പോഴും കൈയ്യിൽ കൊണ്ട് നടക്കേണ്ട, വിസിറ്റ് വിസക്കാർക്ക് ഡിജിറ്റൽ ഐഡി മതി