യുഎഇയില്‍ നിന്ന് റെക്കോര്‍ഡ് സമയത്തില്‍ ഹൃദയം 'പറന്നെത്തി'; സൗദിയിലെ രോഗിക്ക് ശസ്ത്രക്രിയ വിജയകരം

By Web TeamFirst Published Nov 25, 2022, 9:25 PM IST
Highlights

വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഫൈസല്‍ അല്‍ ഒമാരിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അബുദാബി ക്ലീവ്‌ലാന്‍ഡ് ആശുപത്രിയിലെത്തിയാണ് 38കാരനായ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം നീക്കം ചെയ്തത്.

റിയാദ്: യുഎഇ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം റെക്കോര്‍ഡ് സമയത്തില്‍ സൗദിയിലെ റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വേണ്ടിയാണ് യുഎഇയില്‍ നിന്ന് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. രോഗിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ സംഘം അറിയിച്ചു. 

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎഇയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം കിങ് ഫൈസല്‍ ആശുപത്രിയില്‍ എത്തിച്ച് രോഗിയില്‍ മാറ്റിവെക്കുന്നത്. ആ മാസം ആദ്യവും സമാനരീതിയില്‍ ശസ്ത്രക്രിയ നടന്നിരുന്നു. സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുമായും യുഎഇയിലെ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമുമായും എയര്‍ ആംബുലന്‍സ് വിഭാഗവുമായും സഹകരിച്ചുമാണ് യുഎഇയില്‍ നിന്ന് ഹൃദയം റെക്കോര്‍ഡ് സമയത്തില്‍ റിയാദിലെത്തിച്ചത്. ഇതിനായി മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങുകയും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 

Read More - പാസ്‍പോര്‍ട്ടില്‍ ഒറ്റപ്പേരുള്ളവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാം; അറിയിപ്പില്‍ മാറ്റം, പുതിയ നിബന്ധന ഇങ്ങനെ

വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഫൈസല്‍ അല്‍ ഒമാരിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അബുദാബി ക്ലീവ്‌ലാന്‍ഡ് ആശുപത്രിയിലെത്തിയാണ് 38കാരനായ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം നീക്കം ചെയ്തത്. രാവിലെ 11.30ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം റിയാദില്‍ എത്തിച്ചു. 54കാരനായ രോഗിയില്‍ ഉടന്‍ തന്നെ ഹൃദയമാറ്റശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ശസ്ത്രക്രിയ വിജയകരമായതായി വൈകിട്ട് 4.30ന് മെഡിക്കല്‍ സംഘം അറിയിച്ചു. 

Read More - തൊഴിലാളികള്‍ക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ നടപടി; വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം

click me!