
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ശക്തമായ മഴയും ആലിപ്പഴവർഷവും ഉണ്ടായി. ദമ്മാം എയർപോർട്ട്-അൽഖോബാർ റോഡിലെ പാലത്തിനടിയിലെ ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അതിൽ മുങ്ങി.
രാത്രി വൈകിയും വെള്ളം നിറഞ്ഞ് വാഹനങ്ങൾ മുങ്ങികിടക്കുകയാണ്. ഗതാഗതവും നരഗത്തിലെ ജനജീവിതവും താറുമാറായി. കനത്ത മഴക്കൊപ്പം പെയ്ത ആലിപ്പഴം വാഹനങ്ങളുടെ പുറത്തേക്ക് കനത്ത ശബ്ദത്തിൽ പൊഴിഞ്ഞുവീണു തുടങ്ങിയതോടെ പലരും വാഹനങ്ങൾ വഴിയോരങ്ങളിലേക്ക് ഒതുക്കിനിർത്തി. വീടുകളിൽനിന്നും ഓഫീസുകളിൽനിന്നും പലരും കൗതുകത്തോടെ ആലിപ്പഴം ശേഖരിക്കാനിറങ്ങി. അതേസമയം പെയ്തുനിറഞ്ഞ മഴവെള്ളത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയി.
വെള്ളം പെയ്തുനിറഞ്ഞതറിയാതെ ഇടറോഡുകളിലേക്കെത്തിയ ചെറുവാഹനങ്ങളാണ് അധികവും പെട്ടുപോയത്. എൻജിനുകളിൽ വെള്ളംകയറി നിന്നുപോയ വാഹനങ്ങൾ റോഡിന് നടുവിൽ ഉപേക്ഷിച്ച് പലർക്കും നീന്തിക്കയറേണ്ടി വന്നു. ചെറിയ വാഹനാപകടങ്ങൾ ഉണ്ടാവുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തതോടെ പലയിടത്തും കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. ദമ്മാം എയർപോർട്ട്-അൽഖോബാർ റോഡിലെ പാലത്തിനടിയിലെ ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അതിൽ മുങ്ങി. അൽഅഹ്സയുടെ ഉൾഭാഗങ്ങളിൽ കടുത്ത പൊടിക്കാറ്റിന് അകമ്പടിയായാണ് മഴയെത്തിയത്.
ജുബൈൽ-ദഹ്റാൻ ഹൈവേയിലും അൽഅഹ്സ-ദമ്മാം റോഡിലും സന്ധ്യ കഴിഞ്ഞിട്ടും ഗതാഗതകുരുക്ക് പൂർണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.
രക്ഷാസേനയും പൊലീസും രക്ഷാദൗത്യങ്ങളുമായി രംഗത്തുണ്ട്. കെട്ടിനിൽക്കുന്ന വെള്ളം ഒഴിക്കിവിടാനുള്ള ശ്രമമാണ് അധികവും നടക്കുന്നത്. വെള്ളം കയറിയ റോഡുകളിൽനിന്ന് വാഹനങ്ങൾ തിരിച്ചുവിട്ടതോടെ പലരും താമസസ്ഥലത്തേക്ക് തിരിച്ചെത്താൻ മണിക്കൂറുകൾ ഗതാഗതകുരുക്കുകളിൽ കഴിയേണ്ടി വന്നു. ഗതാഗതക്കുരുക്കിൽ പെട്ട് പെട്രോൾ തീർന്നുപോയ വാഹനങ്ങളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
Read Also - യാത്രികരേ ഇതിലേ ഇതിലേ...ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പാസ്പോർട്ടും ടിക്കറ്റും മതി, കറങ്ങി കണ്ടുവരാം ഈ രാജ്യം
അതേസമയം വെള്ളിയാഴ്ച വരെ രാജ്യത്തെ വിവിധ മേഖലയിൽ കനത്ത മഴക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസ് ഡയറകട്രേറ്റ് വ്യക്തമാക്കിയിരുന്നു. ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും സുരക്ഷക്ക് അതാവശ്യമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്‌വരകൾ എന്നിവക്കടുത്ത് നിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam