
തിരുവനന്തപുരം: കടൽ കടക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാരിന്‍റെ കുപ്പിവെളള സംരംഭമായ ഹില്ലി അക്വ. ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ് കോർപ്പറേഷനും ദുബൈയിലെ ഏജൻസിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ആഴ്ചകൾക്കകം തൊടുപുഴയിൽ നിന്ന് ഹില്ലി അക്വ ഗൾഫ് നാടുകളിലേക്കെത്തും. കയറ്റുമതിയിലൂടെ 30 ശതമാനം അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കുപ്പിവെളള വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിടപെട്ട് തുടങ്ങിയ പദ്ധതി.ഹില്ലി അക്വ. കടൽവെളളം ശുദ്ധികരിച്ചുപയോഗിക്കുന്ന നാടുകളിലേക്ക് കേരളത്തിൻ്റെ സ്വന്തം ബ്രാൻ്ഡ് എത്തുകയാണ്. മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിലെ സാന്നിദ്ധ്യമാണ് വഴിത്തിരിവായത്. മേളക്കെത്തിയ ഗൾഫ് നാടുകളിലെ സംരംഭകർ ഹില്ലി അക്വ കയറ്റുമതി ചെയ്യാൻ താത്പര്യപ്പെട്ടു. കഴിഞ്ഞയാഴ്ച വിദേശ പ്രതിനിധികൾ തൊടുപുഴയിലെത്തി പ്ലാൻ്റും നിർമ്മാണ രീതികളും കണ്ട് തൃപ്തി പ്രകടിപ്പിച്ചു. തുടർന്നാണ് മൂന്നുവർഷത്തേക്കുളള കരാറിലൊപ്പിട്ടത്.
മലങ്കര, അരുവിക്കര ഡാമുകളിലെ വെളളമുപയോഗിച്ച് തൊടുപുഴയിലും തിരുവനന്തപുരത്തുമാണ് ഹില്ലി അക്വയുടെ നിർമ്മാണം.ആദ്യ ഘട്ടത്തിൽ 40 ലക്ഷം രൂപയുടെ കുപ്പിവെളളമാകും കയറ്റുമതി ചെയ്യുക. തുടക്കത്തിൽ കടൽകടക്കുന്നത് 20 ലിറ്ററിൻ്റെ ജാറുകൾ. തൊട്ടുപുറകേ, ചെറു കുപ്പികളും വിദേശത്തെത്തും. ഒരു സംസ്ഥാന സർക്കാരിൻ്റെ കുപ്പിവെളളം കടൽകടക്കുന്നു എന്ന അപൂർവ്വതയും ഹില്ലി അക്വയ്ക്ക് ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam