
ദുബൈ: ആശുപത്രിയിൽ പണമടങ്ങിയ ബാഗ് മറന്നുവെച്ച പ്രവാസിക്ക് ബാഗ് തിരികെ നൽകി ആശുപത്രി അധികൃതർ. ദുബൈയിൽ താമസക്കാരനായ ഇംതിയാസ് ആണ് അജ്മാനിലെ തുംബൈ ഹോസ്പിറ്റലിൽ ബാഗ് മറന്നുവെച്ചത്. 32,000 ദിർഹം പണവും ബാഗിൽ ഉണ്ടായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇംതിയാസ് ആശുപത്രിയിലെത്തിയത്. കടുത്ത പനി ബാധിച്ച സഹോദരനെയും കൊണ്ടാണ് ഹോസ്പിറ്റലിൽ ഇംതിയാസ് എത്തിയത്. സഹോദരനെ ഉടൻതന്നെ അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. തിരക്കിനിടെ ഇംതിയാസ് തന്റെ പണമടങ്ങിയ ബാഗ് അവിടെ മറന്നുവെക്കുകയായിരുന്നു. പിന്നീട് ബാഗ് അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു നഴ്സിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ സൂപ്പർവൈസറായ ഹമീദ് ബിൻ ഹുസൈനിനെ ഏൽപ്പിക്കുകയുമായിരുന്നു. ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ബാഗിന്റെ ഉടമയെ കണ്ടെത്തിയത്.
ബാഗിനുള്ളിൽ തിരിച്ചറിയൽ രേഖകൾ ഉണ്ടായിരുന്നത് ഉടമയെ കണ്ടുപിടിക്കുന്നതിൽ ആശുപത്രി ജീവനക്കാർക്ക് കൂടുതൽ സഹായകമായി. ഇംതിയാസിന്റെ വിവരങ്ങൾ ലഭിച്ചപ്പോൾ ഉടൻ തന്നെ അദ്ദേഹത്തെ ബന്ധപ്പെട്ടെന്നും ഇത്തരം സംഭവങ്ങൾ ആശുപത്രിയിൽ പതിവായി ഉണ്ടാകാറുണ്ടെന്നും യാഥാർഥ ഉടമയ്ക്ക് ബാഗ് തിരികെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ആശുപത്രി ജീവനക്കാർ പറഞ്ഞു.
`അന്നൊരു വല്ലാത്ത ദിവസമായിരുന്നു. സഹോദരന് പനിയായി ആശുപത്രിയിൽ കൊണ്ടുവന്നതാണ്. അതിനിടയിൽ എന്റെ ബാഗ് നഷ്ടപ്പെടുകയായിരുന്നു. പണം മുഴുവനും ബാഗിനുള്ളിലായിരുന്നു. ബാഗ് നഷ്ടപ്പെട്ടതോടെ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പേടിച്ചുപോയി. ബാഗ് എവിടെയാണ് മറന്നുവെച്ചതെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ദിവസം മുഴുവൻ ബാഗ് അന്വേഷിച്ച് നടന്നു. അപ്പോഴാണ് തുംബൈ ഹോസ്പിറ്റലിൽ നിന്നും എനിക്ക് കോൾ വന്നത്' - ഇംതിയാസ് പറയുന്നു. ബാഗ് തിരികെ നൽകിയതിലുള്ള ആശുപത്രി ജീവനക്കാരുടെ സത്യസന്ധതയ്ക്ക് ഇംതിയാസ് നന്ദി പറഞ്ഞു. എനിക്ക് പണവും ബാഗും ഒക്കെ തിരികെ ലഭിച്ചു. ഇത് യുഎഇയിൽ മാത്രമേ നടക്കൂ, അതുകൊണ്ടുതന്നെയാണ് ഈ രാജ്യം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാകുന്നത് - ഇംതിയാസ് പറഞ്ഞു.
ആശുപത്രി ജീവനക്കാരുട ഈ പ്രവൃത്തി നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റി. തുംബൈ ആശുപത്രി അധികൃതർ ജീവനക്കാരെ പ്രശംസിക്കുന്നതിനായി അഭിനന്ദന ചടങ്ങ് സംഘടിപ്പിച്ചു. തുംബൈ ഹെൽത്ത്കെയറിന്റെ വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ തുംബൈ ജീവനക്കാരെ വ്യക്തിപരമായി അഭിനന്ദിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam