തര്‍ക്കത്തിനിടെ ഭാര്യയുടെ കാറിന് തീയിട്ട യുവാവിന് മൂന്ന് വര്‍ഷം തടവ്

By Web TeamFirst Published Oct 2, 2022, 8:49 AM IST
Highlights

പ്രതി മാനസിക രോഗിയാണെന്നും അതുകൊണ്ടുതന്നെ ശിക്ഷിക്കരുതെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും മെഡിക്കല്‍ പരിശോധനകളില്‍ ഇയാള്‍ക്ക് മാനസിക രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ വിധി. 

മനാമ: തര്‍ക്കത്തിനിടെ ദേഷ്യം അടക്കാനാവാതെ വന്നപ്പോള്‍ ഭാര്യയുടെ കാര്‍ കത്തിച്ച യുവാവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈനിലാണ് സംഭവം. പ്രശ്നങ്ങളെത്തുടര്‍ന്ന് ഭാര്യ അകന്നു കഴിയുന്നതിനിടെയാണ് ഇയാള്‍ കാറിന് തീവെച്ചത്. 300 ബഹറൈനി ദിനാര്‍ (64,000ല്‍ അധികം ഇന്ത്യന്‍ രൂപ) പ്രതി നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞത്. പ്രതി മാനസിക രോഗിയാണെന്നും അതുകൊണ്ടുതന്നെ ശിക്ഷിക്കരുതെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചെങ്കിലും മെഡിക്കല്‍ പരിശോധനകളില്‍ ഇയാള്‍ക്ക് മാനസിക രോഗമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശിക്ഷാ വിധി. മനോരോഗ ചികിത്സാ വിദഗ്ധരുടെ മൂന്നംഗ സമിതിയെയാണ് ഇയാളുടെ മാനസിക ആരോഗ്യം പരിശോധിക്കാന്‍ കോടതി നിയോഗിച്ചത്. ഒരു തരത്തിലുമുള്ള മാനസിക രോഗവും ഇയാള്‍ക്കില്ലെന്നും തന്റെ പ്രവൃത്തികള്‍ക്ക് ഇയാള്‍ പൂര്‍ണമായും ഉത്തരവാദിയാണെന്നുമാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. വാദപ്രതിവാദങ്ങള്‍ക്കിടെ ദേഷ്യം അടക്കാനാവാതെ വന്നപ്പോള്‍ ഭാര്യയുടെ കാറിന് തീയിടുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് യുവതി തന്റെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കഴിഞ്ഞുവന്നിരുന്നത്. കാറിന് തീയിട്ടതു വഴി വീടിന് സമീപത്തുണ്ടായിരുന്ന ഒരു മരത്തിനും കാര്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാരേജിനും നാശനഷ്ടങ്ങളുമുണ്ടായി.

Read also:  പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

click me!