പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

By Web TeamFirst Published Oct 2, 2022, 8:01 AM IST
Highlights

അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല. പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റിനുള്ളിലെ സോഫയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മരണം സംഭവിച്ചിട്ട് 24 മണിക്കൂറില്‍ താഴെ മാത്രമേ ആയിരുന്നുള്ളൂ എന്നാണ് പൊലീസ് കണ്ടെത്തിയത്.

ഭാരമുള്ള വസ്‍തു ഉപയോഗിച്ച് തലയില്‍ ശക്തമായി അടിച്ചതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടുകയും താടിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ട്. സംഭവത്തില്‍ കുവൈത്ത് ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങി. മരിച്ചയാളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Read also: പ്രവാസി വനിതകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ 34 വയസുകാരന്‍ അറസ്റ്റില്‍

click me!