സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ 'വാറ്റ്' വര്‍ധനവ് പുനഃപരിശോധിക്കും: സൗദി വാര്‍ത്താ മന്ത്രി

Published : Nov 21, 2020, 04:20 PM ISTUpdated : Nov 21, 2020, 08:56 PM IST
സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ 'വാറ്റ്' വര്‍ധനവ് പുനഃപരിശോധിക്കും: സൗദി വാര്‍ത്താ മന്ത്രി

Synopsis

ബജറ്റ് വിടവ് നികത്താന്‍ എണ്ണേതര വരുമാനം കൂട്ടാനുള്ള ഇത്തരം നടപടികള്‍ സഹായിച്ചു. വാറ്റ്, സര്‍ക്കാര്‍ ഫീസുകള്‍, കസ്റ്റംസ് തീരുവ, മധുര പാനീയങ്ങള്‍ക്ക് പ്രത്യേക നികുതി എന്നിവ എണ്ണേതര വരുമാനം കൂട്ടാന്‍ സ്വീകരിച്ച നടപടികളാണ്.

റിയാദ്: സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ വാറ്റ് 15 ശതമാനമായി വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കുമെന്ന് സൗദി വാര്‍ത്താവിതരണ ആക്ടിങ് മന്ത്രി ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു. മൂല്യവര്‍ധിത നികുതി ഈ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നടപടി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ശംബളത്തെയും ജനങ്ങള്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളെയും ബാധിക്കാതിരിക്കിരിക്കാനാണ് വാറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

താരതമ്യേന പ്രയാസം കുറഞ്ഞ നടപടിയെന്ന നിലയിലാണ് ആ തീരുമാനം എടുത്തത്. ബജറ്റ് വിടവ് നികത്താന്‍ എണ്ണേതര വരുമാനം കൂട്ടാനുള്ള ഇത്തരം നടപടികള്‍ സഹായിച്ചു. വാറ്റ്, സര്‍ക്കാര്‍ ഫീസുകള്‍, കസ്റ്റംസ് തീരുവ, മധുര പാനീയങ്ങള്‍ക്ക് പ്രത്യേക നികുതി എന്നിവ എണ്ണേതര വരുമാനം കൂട്ടാന്‍ സ്വീകരിച്ച നടപടികളാണ്. അതുകൊണ്ട് തന്നെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കേണ്ട സാഹചര്യത്തെ അതിജീവിക്കാനായി. ഭാവിയെക്കുറിച്ചും സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിനെക്കുറിച്ചും ശുഭാപ്തി വിശ്വാസമുണ്ട്. പ്രതിസന്ധിഘട്ടങ്ങളില്‍ എടുക്കാറുള്ള പല തീരുമാനങ്ങള്‍ പോലെ വാറ്റ് വര്‍ധനവും പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഭരണകൂട തീരുമാനങ്ങളും പ്രാദേശിക പ്രശ്‌നങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ മറുപടികളും നല്‍കുന്നതിന് വാര്‍ത്താവിതരണ വകുപ്പ് ആരംഭിച്ച സ്ഥിരം വാര്‍ത്താസമ്മേളന പരിപാടിയുടെ ആദ്യദിനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശരിയായ വിവരങ്ങള്‍ അറിയുക പൗരന്‍റെ അവകാശമായി കണ്ടാണ് ഇങ്ങനെയൊരു നിരന്തര വാര്‍ത്താസമ്മേളന പരിപാടി ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിന്‍ ഉദ്പാദിപ്പിക്കുന്ന ആഗോള കമ്പനികളുമായി രാജ്യം കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. വാക്‌സിന്‍ യാഥാര്‍ത്ഥ്യമായാല്‍ അത് ആദ്യം സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാകും സൗദി അറേബ്യയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ