'സാജെക്സ് 2025'; ഇന്ത്യ-സൗദി രത്ന, ആഭരണ പ്രദർശനം ജിദ്ദ സൂപ്പർഡോമിൽ

Published : Sep 11, 2025, 03:04 PM IST
India Saudi Gems and Jewellery Exhibition

Synopsis

അറേബ്യൻ ഹൊറൈസൺ കമ്പനിയാണ് പ്രദർശനത്തിന് പിന്നിലെ ഔദ്യോഗിക മാനേജ്മെന്റ് കമ്പനി. ഇന്ത്യൻ രത്ന-ആഭരണ വ്യവസായത്തെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ഒരു ബിസിനസ്-ടു-ബിസിനസ് പ്ലാറ്റ്‌ഫോമായിരിക്കും ഈ എക്സിബിഷൻ.

റിയാദ്: ഇന്ത്യയിലെ രത്‌നാഭരണ വ്യവസായത്തിന്റെ പരമോന്നത സമിതിയായ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (ജി.ജെ.ഇ.പി.സി) സൗദിയിൽ ആദ്യമായി സംഘടിപ്പിക്കുന്ന സൗദി അറേബ്യ ജ്വല്ലറി എക്സ്പോസിഷൻ (സാജെക്സ് 2025) പ്രദർശനം സെപ്തംബർ 11, 12, 13 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ ജിദ്ദ സൂപ്പർഡോമിൽ നടക്കും.

ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രാലയം, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, റിയാദിലെ ഇന്ത്യൻ എംബസി, സൗദി ഇൻവെസ്റ്റ്, ജിദ്ദ ചേംബർ, മക്ക ചേംബർ, ജിദ്ദ ജ്വല്ലറി അസോസിയേഷൻ, ദുബായ് ജ്വല്ലറി ഗ്രൂപ്പ്, ഗോൾഡ് സെന്റർ എന്നിവയുടെ പിന്തുണയോടെയാണ് ഈ സുപ്രധാന പരിപാടി സംഘടിപ്പിക്കുന്നത്. അറേബ്യൻ ഹൊറൈസൺ കമ്പനിയാണ് പ്രദർശനത്തിന് പിന്നിലെ ഔദ്യോഗിക മാനേജ്മെന്റ് കമ്പനി.

ഇന്ത്യൻ രത്ന-ആഭരണ വ്യവസായത്തെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന ഒരു ബിസിനസ്-ടു-ബിസിനസ് (ബിടുബി) പ്ലാറ്റ്‌ഫോമായിരിക്കും ഈ എക്സിബിഷൻ. 'ദി വേൾഡ് ജെം ആൻഡ് ജ്വല്ലറി ഫെയർ' എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിൽ 200-ലധികം പ്രദർശകരും 2,000-ത്തിലധികം വ്യാപാരികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ, സൗദി അറേബ്യ, യുഎഇ, ഹോങ്കോങ്, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദർശകർ പരിപാടിയുടെ ഭാഗമാകും. വജ്രം, രത്നങ്ങൾ, 18, 21, 22 കാരറ്റ് സ്വർണം, പ്ലാറ്റിനം ആഭരണങ്ങൾ, ലാബ്-ഗ്രോൺ വജ്രങ്ങൾ, വിവാഹാഘോഷ ആഭരണങ്ങൾ, ഗിഫ്റ്റിംഗ് ആഭരണങ്ങൾ, ആഭരണ സാങ്കേതികവിദ്യ എന്നിവയടക്കം ആഭരണങ്ങളുടെ വിശാലമായ ശേഖരം ഇവിടെ പ്രദർശിപ്പിക്കും.

നിലവിൽ 11,00,000 കോടി ഡോളർ ജി.ഡി.പി ഉള്ള ഗൾഫിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് സൗദി അറേബ്യ. ആഭരണ മേഖലയിൽ സൗദിയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. സൗദിയിലെ ആഭരണ വിപണി 2024-ൽ 45,600 കോടി ഡോളറിൽ നിന്ന് 2030-ഓടെ 83,400 കോടി ഡോളറായി ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യൻ ആഭരണ കയറ്റുമതിക്കാർക്ക് സൗദി അറേബ്യ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 28,700 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ രത്ന ആഭരണ മേഖലയിൽ നേടിയത്.

ജിജെഇപിസിയും സൗദി അറേബ്യൻ നിക്ഷേപ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന വേൾഡ് ജ്വല്ലറി ഇൻവെസ്റ്റ്‌മെന്റ് ഫോറമാണ് 'സാജെക്സ് 2025' പ്രദർശനത്തിലെ പ്രധാന ആകർഷകം. ആഭരണ വ്യവസായത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും വളർച്ചാ അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള നേതാക്കളും നിക്ഷേപകരും വിദഗ്ധരും ഈ ഫോറത്തിൽ ഒത്തുചേരും. ഇവയെല്ലാം സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നതാണ്.

'സാജെക്സ് 2025' കേവലം ഒരു പ്രദർശനമല്ല, മറിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്ന ഒരു സംരംഭമാണെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലൽ ഫഹദ് അഹമ്മദ് ഖാൻ സൂരി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പാരമ്പര്യ കരകൗശല വൈദഗ്ധ്യവും സൗദി അറേബ്യയുടെ വളർന്നുവരുന്ന വിപണിയും തമ്മിൽ സഹകരിക്കാനുള്ള ഒരു അവസരം കൂടി ഈ പ്രദർശനം ഒരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ എക്സിബിഷൻ, ഇന്ത്യയുടെ കരകൗശല മികവിനെ സൗദിയുടെ ആഡംബര വിപണിക്ക് പരിചയപ്പെടുത്തുകയും, ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ജി.ജെ.ഇ.പി.സി ചെയർമാൻ കിരിത് ഭൻസാലി അഭിപ്രായപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

'സ്ത്രീകൾ ശക്തിയുടെയും സൗന്ദര്യത്തിന്‍റെയും മൂർത്തീഭാവം'; റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഐശ്വര്യ റായ്
മദീന പള്ളിയിലെ ‘റൗദ സന്ദർശന’ത്തിൽ നിയന്ത്രണം, ഒരാൾക്ക് വർഷത്തിലൊരിക്കൽ മാത്രം