
മസ്‌കറ്റ്: മസ്‌കറ്റിലെ റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ വെച്ച് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാക്ക് ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. ഓര്‍ത്തഡോക്‌സ് സഭയുടെ പരമ്പരാഗത സ്വീകരണ ഘോഷയാത്രയോടെയാണ് അതിഥികളെ വേദിയിലേക്കാനയിച്ചത്.
സ്വീകരണ സമ്മേളനത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നരംഗ് മുഖ്യാതിഥിയായിരുന്നു. കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും മസ്‌കത്ത് മഹാ ഇടവകയും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് സ്ഥാനപതി പ്രസംഗത്തില്‍ പറഞ്ഞു.
നീതിയിലധിഷ്ഠിതമായ ഒരു സാമൂഹികക്രമം രൂപപ്പെടുത്തുവാന്‍ എല്ലാ മതവിഭാഗങ്ങളും ഒരുകുടക്കീഴില്‍ അണിനിരക്കണമെന്ന് കാതോലിക്കാ ബാവ തന്റെ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. ഒപ്പം സമ്പത്തും പ്രകൃതി വിഭവങ്ങളും ഒരു ചെറിയ ശതമാനം ആളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഈ ഭൂമിയിലെ വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള അറിവ് സമൂഹത്തിനു ഉണ്ടാകണമെന്നും നമ്മുടെ വിഭവശേഷി മറ്റുള്ളവര്‍ക്ക് കൂടെ പങ്കുവയ്ക്കാനും അപരനെ സ്‌നേഹിക്കുവാനും കരുതുവാനുമുള്ള മനസ്സുണ്ടാകണമെന്നും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞു.
ഒമാനിലെ അല്‍ അമാനാ ഡയറക്ടര്‍ റവ. ജസ്റ്റിന്‍ മീയഴ്‌സ്, ഒമാനിലെ ക്ഷേത്ര ഭരണസമിതി ഡയറക്ടര്‍ ബോര്‍ഡ് അംഗം കിരണ്‍ ആഷര്‍, കെ എം. സി. സി ഒമാന്‍ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് റയിസ് അഹമ്മദ്, ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ്, അസ്സോ. വികാരി ഫാ. എബി ചാക്കോ ,സലാല സെന്റ്. സ്റ്റീഫന്‍സ് ഇടവക വികാരി ഫാ. ബേസില്‍ തോമസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, തോമസ് ഡാനിയേല്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഡോ. സി. തോമസ് ഇടവക ട്രസ്റ്റി ജാബ്‌സണ്‍ വര്‍ഗീസ്, സെക്രട്ടറി ജോസഫ് വര്‍ഗീസ് എന്നിവരും സംസാരിച്ചു. ഇടവക കോ-ട്രസ്റ്റി ബിനു കുഞ്ചാറ്റില്‍, മറ്റു സഭാ വിഭാഗങ്ങളിലെ ഫാ. അനില്‍ തോമസ്, ഫാ. ഡെന്നിസ് ഡാനിയേല്‍, ഫാ. സിജിന്‍ മാത്യു, ഫാ. ബൈജു ജോണ്‍സണ്‍, ഫാ. കെ. ജി. തോമസ് എന്നിവരും സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചിരുന്നു .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam