അമിത ശബ്ദമുണ്ടാക്കുന്ന സൈലന്‍സറുകള്‍ വിറ്റഴിച്ച വര്‍ക്ക്ഷോപ്പുകളും ഗ്യാരേജുകളും പൂട്ടിച്ചു

By Web TeamFirst Published Jan 27, 2023, 10:59 PM IST
Highlights

കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ 540 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ആകെ കണ്ടെത്താനായത്. അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അധികൃതര്‍ നടത്തുന്ന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ജഹ്റയിലെ വിവിധ വര്‍ക്ക് ഷോപ്പുകളിലും ഗ്യാരേജുകളിലും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അധികൃതര്‍. റെസിഡന്‍സി അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് കൗണ്ടര്‍ഫീറ്റിംഗ് ആന്‍ഡ് ഫോര്‍ജറി ക്രൈംസ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് ജനറല്‍ ട്രാഫിക് വിഭാഗം പരിശോധന നടത്തിയത്. 

കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ 540 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ആകെ കണ്ടെത്താനായത്. അഞ്ച് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം, ശല്യമുണ്ടാക്കുന്ന തരത്തില്‍ ശബ്‍ദമുണ്ടാക്കിയതിന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. പൊതുവഴിയിൽ തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പാര്‍ക്ക് ചെയ്തതിന് 336 മുന്നറിയിപ്പ് സ്റ്റിക്കറുകളും പതിച്ചു. വാഹനങ്ങളില്‍ നിന്ന് അമിത ശബ്‍ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ വിറ്റിരുന്ന ഒരു വര്‍ക്ക് ഷോപ്പ് പരിശോധന നടത്തി ഉടന്‍ തന്നെ അധികൃതര്‍ പൂട്ടിച്ചു. നിയമം ലംഘിച്ച 42 വര്‍ക്ക് ഷോപ്പുകളുടെയും ഗ്യാരേജുകളുടെയും വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചു. രാജ്യത്ത് പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

വാഹനങ്ങളില്‍ അമിത ശബ്‍ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുന്നതിനെതിരെ കുവൈത്തില്‍ നടപടി ശക്തമാക്കിയിരുന്നു. ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്ന വര്‍ക്ക് ഷോപ്പുകള്‍ക്കെതിരെയും ഇതിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നല്‍കിയതാണ്.

വാണിജ്യ മന്ത്രാലയവുമായി ഇത് സംബന്ധിച്ച് കുവൈത്ത് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഓപ്പറേഷന്‍സ് അഫയേഴ്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയേഗ്, വാണിജ്യ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മിഖ്‍ലിഫ് അല്‍ അല്‍ അന്‍സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. വര്‍ദ്ധിച്ചു വരുന്ന ശബ്‍ദ മലിനീകരണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

Read also: കഴിഞ്ഞ വര്‍ഷം പ്രവാസികളെ വിവാഹം ചെയ്‍തത് 556 സ്വദേശി വനിതകളെന്ന് കണക്കുകള്‍

click me!