ഉറ്റവരെ ഇനികാണാന്‍ കഴിയുമോ എന്നു പോലും സംശയിച്ച നാളുകള്‍; ഏഴാണ്ടിന്റെ ദുരിതം താണ്ടി ആ പ്രവാസി നാട്ടിലെത്തി

Published : Mar 08, 2023, 12:10 AM IST
ഉറ്റവരെ ഇനികാണാന്‍ കഴിയുമോ എന്നു പോലും സംശയിച്ച നാളുകള്‍; ഏഴാണ്ടിന്റെ ദുരിതം താണ്ടി ആ പ്രവാസി നാട്ടിലെത്തി

Synopsis

മലയാളി സാമൂഹികപ്രവർത്തകരുടെ സഹായത്തിലാണ് യു.പി. സ്വദേശിയായ യുവാവ് നാടണഞ്ഞത്.

റിയാദ്: ഖത്തറിൽ നിന്ന് ചതിയിലുടെ സൗദി മരുഭൂമിയിലേക്ക് കടത്തപ്പെട്ട ഇന്ത്യൻ യുവാവ് ദുരിതത്തിലായത് ഏഴാണ്ട്. ഉത്തർപ്രദേശ് വാരണാസി സ്വദേശി അസാബ് ഇക്കാലം കടന്നത് കനൽ ജീവിതത്തിലൂടെ. ഒടുവിൽ അൽ അഹ്സയിലെ മലയാളി സാമൂഹിക പ്രവർത്തകരുടെ കാരുണ്യത്താൽ ഈ 42 കാരൻ രക്ഷപ്പെട്ട് നാടണഞ്ഞു. 

നല്ലൊരു പാചകക്കാരനായിരുന്നു അസാബ്. കുടുംബത്തിന്റെ പ്രാരാബ്ധവും പേറിയാണ് 2016 സെപ്തംബറിൽ പാചകക്കാരന്റെ വിസയിൽ ഖത്തറിൽ വിമാനമിറങ്ങിയത്. പക്ഷേ ആടുകളെ മേയ്ക്കുന്ന ജോലിയായിരുന്നു കാത്തിരുന്നത്. ഖത്തറിലെ സ്‍പോൺസർ അസാബിനെ അനധികൃതമായി സൗദിയുടെ അതിർത്തി കടത്തി മരുഭൂമിയിലെ തന്റെ ഒട്ടക കൂട്ടത്തിന് അടുത്തെത്തിച്ചു. നാല്‍പതോളം ഒട്ടകങ്ങളെ പരിപാലിക്കലായിരുന്നു ജോലി.

വിസയോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാതെ, രാവും പകലുമില്ലാതെ, ശരിയായ ഭക്ഷണമോ വിശ്രമമോ ഇല്ലാതെയുള്ള കഷ്ടപ്പാടേറിയ ഫാമിലെ (മസറ) കഠിന ദിവസങ്ങളുടെ തുടക്കമായിരുന്നു. ദുരിതം നിറഞ്ഞ ഒട്ടക ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ വഴി കാണാതെ മാസങ്ങളും വർഷങ്ങളും ഇതിനിടെ കടന്നുപോവുകയായിരുന്നു. നാട്ടിൽ നിന്നു പോരുമ്പോൾ ഏഴു വയസ്സ് മാത്രം പ്രായമായിരുന്ന തന്റെ ഏക മകളെയും പ്രിയപ്പെട്ട ഭാര്യയേയും പ്രായമായ അമ്മയേയും ഇനിയെന്നു കാണാനാവുമെന്ന് അറിയാതെ നിരാശപ്പെട്ട് അനിശ്ചിതത്വം നിറഞ്ഞ് തള്ളിനീക്കുകയായിരുന്നു നാളുകൾ.

ഇതിനിടയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം മോശമാകുന്നതും അതിർത്തി അടയ്ക്കുന്നതും. പൗരന്മാരോട് തിരികയെത്താൻ ഇരു രാജ്യങ്ങളും അവശ്യപ്പെട്ടു. സ്‍പോൺസർ സ്വദേശമായ ഖത്തറിലേക്ക് മടങ്ങിയെങ്കിലും അസാബിനെ കൂടെ കൊണ്ടുപോയില്ല. മാത്രമല്ല സൗദിയിലെ തന്റെ മസറയിലുള്ള ഒട്ടകങ്ങളെ ഓരോന്നായി വിറ്റൊഴിവാക്കുകയും ചെയ്തു. നാട്ടിൽ നിന്നെത്തിയ നാൾ മുതൽ മസറയിലും മരുഭൂമിയുടെ മണൽ കാഴ്ചകളിലും ആടുകളുടെയും ഒട്ടകങ്ങളുടെയും ഇടയിലും മാത്രമായി ജീവിച്ച്, പുറം ലോകത്തെകുറിച്ച് ഒന്നുമറിയാത്ത അസാബ് താൻ അകപ്പെട്ടിരിക്കുന്ന കുഴപ്പങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വഴിയറിയാതെ കുഴഞ്ഞു. 

ദേശവും ദിക്കുമറിയാതെ മരുഭൂമിയിൽ ഒരു ഗതിയും പരഗതിയുമില്ലാതെ എങ്ങോട്ടു പോകണമെന്നുമറിയാതെ തളയ്ക്കപ്പെട്ട ജീവിതത്തിൽ നിന്നും എങ്ങനെയങ്കിലും രക്ഷപ്പെട്ട് നാട്ടിലെത്തണമെന്ന് ആഗ്രഹം ശക്തമായി.
ആറ് വർഷത്തോളം തുടർന്ന മരുഭൂമിയിലെ മസറ ജീവിതത്തിൽ നിന്നും ഇതിനിടെ ആരുടെയൊക്കെയൊ സഹായത്താൽ ആദ്യം റിയാദിലും പിന്നീട് അൽഅഹ്സയിലുമെത്തി. അസാബിന്റെ ദുരിത ജീവിതമറിഞ്ഞ ചിലരുടെയൊക്കെ സഹായത്താൽ ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതിനായി പിന്നീട് തനിക്കറിയാവുന്ന ജോലികൾ ചെയ്തു. 

മരുഭൂമിയിലെ ദുരന്തനാളുകൾ അവസാനിച്ചുവെങ്കിലും കൈവശം നിയമപരമായ യാതൊരുവിധ രേഖകളുമില്ലാതെ ഒളിച്ചും ഭയന്നും ജീവിതം മുന്നോട്ട് കൊണ്ടുപോയി. ഏതുവിധേനയും തിരികെ നാട്ടിലേക്ക് പോകാനായി ഇതിനിടെ കേട്ടറിവു വെച്ച് എങ്ങനെയോ അൽഅഹ്സയിലെ നാടുകടത്തൽ കേന്ദ്രത്തിലെത്തി. അസാബിന്റെ ദുരിത ജീവിതത്തെക്കുറിച്ച് മനസിലാക്കിയ ജവാസത്ത് വിഭാഗത്തിലുള്ള ഓഫീസർ അനുഭാവപൂർവം പരിഗണിച്ചു. 

അൽഅഹ്സയിലെ ഒ.ഐ.സി.സി ജീവകാരുണ്യ വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ പ്രസാദ് കരുനാഗപ്പള്ളി, ശാഫി കുദിർ, ഉമർ കോട്ടയിൽ എന്നിവരെ ബന്ധപ്പെട്ട് രേഖകൾ ശരിയാക്കാൻ സഹായം ലഭിക്കുന്നതിന് സമീപിക്കാൻ നിർദേശിച്ചു. ആസാബിൽ നിന്നും വിവരമറിഞ്ഞ ഒ.ഐ.സി.സി ഭാരവാഹികൾ റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട്പാസടക്കമുള്ള ആവശ്യമായ യാത്രാ രേഖകളെല്ലാം ശരിയാക്കി നൽകി. 

ഒപ്പം അൽഅഹ്സ ഒ.ഐ.സി.സി വക വിമാന ടിക്കറ്റും അസാബിന് കൈമാറി. ഒടുവിൽ എഴു വർഷത്തോളം നീണ്ട ദുരിത ജീവിതപർവം താണ്ടി കഴിഞ്ഞ വെള്ളിയാഴ്ച ദമ്മാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്ന ഇൻഡിഗോ വിമാനത്തിൽ വാരണസിയിലെത്തി കൂടുംബത്തോടൊപ്പം ചേർന്നു. നാട്ടിലെത്തിയ അസാബും കുടുംബവും ഒ.ഐ.സി.സി ഭാരവാഹികളോട് നന്ദി അറിയിച്ചു.

Read also:  സൗദി അറേബ്യയില്‍ തൊഴിവസരങ്ങള്‍; അപേക്ഷിക്കാനുള്ള അവസാന തീയ്യതി മാര്‍ച്ച് 11

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം
കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത