
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ താമസസ്ഥലത്ത് ഇന്ത്യൻ യുവതി മൂന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തെലങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് കൊടുംപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ആറ് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ്, മുഹമ്മദ് ആദിൽ അഹമ്മദ്, മൂന്ന് വയസുകാരൻ മുഹമ്മദ് യുസുഫ് അഹമ്മദ് എന്നീ കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ ഭർത്താവ് മുഹമ്മദ് ഷാനവാസ് ജോലിക്കായി പുറത്തുപോയ സമയത്താണ് യുവതി ക്രൂരകൃത്യം ചെയ്തത്. ശ്വാസം മുട്ടിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി വീണ് യുവതിക്ക് ബോധം നഷ്ടപ്പെട്ടു. പിന്നീട് ഇവരുടെ ഭർത്താവ് റൂമിലെത്തി വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആറ് മാസം മുമ്പ് ഭർത്താവിന്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു യുവതിയും കുട്ടികളും. കുടുംബപ്രശ്‌നമാണ് കുട്ടികളുടെ കൊലപാതകത്തിലേക്കും യുവതിയുടെ ആത്മഹത്യാ ശ്രമത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ തന്റെ ഭാര്യക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നതായി ഭാർത്താവ് മുഹമ്മദ് ഷാനവാസ് പറഞ്ഞു.
സൗദി റെഡ്ക്രസൻറ് സംഭവ സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി കുട്ടികളുടെ മൃതദേഹങ്ങൾ ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam