യുഎഇയിൽ വെച്ച് സ്വാഭാവിക മരണം സംഭവിക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ, കുടുംബത്തിന് ലഭിക്കുക 8 ലക്ഷം വരെ

Published : Mar 27, 2025, 12:41 PM IST
യുഎഇയിൽ വെച്ച് സ്വാഭാവിക മരണം സംഭവിക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ, കുടുംബത്തിന് ലഭിക്കുക 8 ലക്ഷം വരെ

Synopsis

18 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർക്ക് ഇതിൽ അം​ഗങ്ങളാകാൻ കഴിയും.

ദുബൈ: യുഎഇയിൽ സ്വാഭാവികമായോ അപകടം മൂലമോ മരണം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ പുതിയ കമ്പനികൾ കൈകോർ‍ക്കുന്നു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിച്ച പദ്ധതിയിൽ ദുബൈ നാഷണൽ ഇൻഷുറൻസും (ഡിഎൻഐ) നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സും കൈകോർക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം വരുമാനം കുറഞ്ഞ ബ്ലൂ കോളർ തൊഴിലാളികൾക്കായി ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പദ്ധതിയുടെ വിപുലീകരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ​ഗാർ​ഗേഷ് ഇൻഷുറൻസ് സർവീസ്, ഓറിയന്റ് സർവീസ് എന്നീ കമ്പനികളുമായി കൈകോർത്തായിരുന്നു പദ്ധതി ആരംഭിച്ചത്.

മിക്ക കമ്പനികളും തൊഴിലാളികൾക്ക് നൽകുന്ന ആരോ​ഗ്യ ഇൻഷുറൻസുകൾ ജോലിയുമായി ബന്ധപ്പെട്ട് മരണമോ പരിക്കുകളോ സംഭവിച്ചാൽ മാത്രമുള്ളതാണ്. എന്നാൽ, തൊഴിലാളികൾക്ക് സ്വാഭാവിക മരണം സംഭവിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ ആശ്രിതർക്ക് നഷ്ട പരിഹാരം നൽകുന്ന യാതൊരു വിധത്തിലുള്ള ഇൻഷുറൻസുകളും കമ്പനികൾ നൽകുന്നില്ല എന്ന പശ്ചാത്തലത്തിലാണ് ലൈഫ് പ്രൊട്ടക്ഷൻ പദ്ധതി കൊണ്ടുവന്നതെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞു. 

പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താവുന്നതാണ്. 18 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർക്ക് ഇതിൽ അം​ഗങ്ങളാകാൻ കഴിയും. പ്രതിവർഷം 32 ദിർഹമാണ് പ്രീമിയം. യുഎഇ റസിഡൻസി വിസയുള്ളവർക്ക് ലോകത്ത് എവിടെയും ഇൻഷുറൻസിന്റെ പരിരക്ഷ ലഭിക്കുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു. മരണം സംഭവിക്കുകയോ ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടം സംഭവിക്കുകയോ ചെയ്താൽ 35,000 ദിർഹം വരെ ഇൻഷുറൻസ് ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കുകയും ചെയ്യും.   

യുഎഇയിൽ 43 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളാണുള്ളത്. മരണപ്പെടുന്ന തൊഴിലാളികളുടെ മൃതദേഹം അവരുടെ കുടുംബങ്ങൾക്ക് അവസാനമായി കാണാനുള്ള അവസരമൊരുക്കുകയാണ് ഇത്തരമൊരു പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഉയർന്ന അപകട സാധ്യതയുള്ള തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഈ ഇൻഷുറൻസ് പദ്ധതിയിൽ ഭാ​ഗമാകാൻ കഴിയില്ല.

read more: ഇവിടെ സുരക്ഷ മുഖ്യം, ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ രണ്ടാമത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം