
റിയാദ്: ഇറാഖി സയാമീസ് ഇരട്ടകളെ വേർപ്പെടുത്താനുള്ള ശസ്ത്രക്രിയയുടെ സാധ്യതകള്‍ പരിശോധിക്കാന്‍ സൗദി അറേബ്യയില്‍ എത്തിച്ചു. ഉമർ, അലി എന്നീ സയാമീസുകളെയാണ് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ ദിവസം റിയാദിലെത്തിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ വിദഗ്ധ ആരോഗ്യ പരിശോധനക്കായി നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല സ്‍പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
വരുംദിവസങ്ങളിൽ വിശദമായ പരിശോധനകൾക്ക് ഇവരെ വിധേയമാക്കും. വേർപ്പെടുത്തൽ ശസ്ത്രക്രിയ സാധ്യമാണോ എന്നാണ് സൂക്ഷ്മതലത്തിൽ മെഡിക്കൽ സംഘം പരിശോധിക്കുക. യെമനി സയാമീസ് ഇരട്ടകളായ മവദ്ദയെയും റഹ്മയയെയും ജൂലൈ മാസത്തില്‍ സൗദി അറേബ്യയില്‍ നടന്ന ശസ്‍ത്രക്രിയയിലൂടെ വേര്‍പെടുത്തിയിരുന്നു. ഡോക്ടർമാരും സ്പെഷലിസ്റ്റുകളും സാങ്കേതിക വിദഗ്ധരും നഴ്സുമാരുമടക്കം 28 പേരാണ് ആ ശസ്ത്രക്രിയയില്‍ പങ്കാളികളായത്.
മുൻ ആരോഗ്യ മന്ത്രി കൂടിയായിരുന്ന ലോകപ്രശസ്ത സർജൻ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിൽ 18 വർഷം മുമ്പാണ് സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് തുടക്കമിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സയാമീസുകളെ റിയാദിലെത്തിച്ച് പൂർണമായും സർക്കാർ ചെലവിൽ ശസ്ത്രക്രിയ നടത്തി വേർപെടുത്തുന്നത് ഒരു ജീവകാരുണ്യ ദൗത്യമായാണ് രാജ്യം നടത്തിവരുന്നത്.
ഇക്കാലത്തിനിടയിൽ ഏതാണ്ട് 30ഓളം രാജ്യങ്ങളിൽ നിന്നുള്ള ഇരട്ടകളെ റിയാദിലെത്തിച്ച് വേർപ്പെടുത്തിയിട്ടുണ്ട്. ഡോ. അബ്ദുല്ല അൽറബീഅ തന്നെയാണ് എല്ലാ ശസ്ത്രക്രിയകളിലും നേരിട്ട് നേതൃത്വം നൽകിയത്. കൂടുതലും സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങളെയാണ് ഇങ്ങനെ സൗദി അറേബ്യയില്‍ എത്തിക്കുന്നത് വേർപെടുത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ