Conjoined Twins : വേര്‍പെടുത്തിയ ഡോക്ടറെ കാണാന്‍ 12 വര്‍ഷത്തിന് ശേഷം ജോര്‍ദാനിയന്‍ സയാമീസുകളെത്തി

Published : Mar 11, 2022, 10:19 PM ISTUpdated : Mar 11, 2022, 10:38 PM IST
Conjoined Twins : വേര്‍പെടുത്തിയ ഡോക്ടറെ കാണാന്‍ 12 വര്‍ഷത്തിന് ശേഷം ജോര്‍ദാനിയന്‍ സയാമീസുകളെത്തി

Synopsis

2010 ല്‍ ആണ് ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അംജദിനെയും മുഹമ്മദിനെയും ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയത്. ഇരുവരുടെയും കുടലും മൂത്രനാളിയും ജനനേന്ദ്രിയങ്ങളും ഇടുപ്പും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.

റിയാദ്: ഒറ്റ ഉടലില്‍ ഒട്ടിപ്പിടിച്ചിരുന്ന തങ്ങളെ വേര്‍പെടുത്തി രണ്ട് വ്യക്തികളാക്കി മാറ്റിയ ഡോക്ടറെ കാണാന്‍ 12 വര്‍ഷത്തിന് ശേഷം അവരെത്തി, ജോര്‍ദാനിയന്‍ (Jordanian) സയാമിസ് ഇരട്ടകളായ (conjoined twins) അംജദും മുഹമ്മദും. പരസ്പരം ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ തങ്ങളെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി പുതുജീവന്‍ സമ്മാനിച്ച സൗദി മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡോ. അബ്ദുല്ല അല്‍റബീഅയെ ആണ്  മനംകുളിര്‍ക്കെ കാണാന്‍ കൗമാരക്കാരായി വളര്‍ന്ന ശേഷം അവരെത്തിയത്. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ സൗദി എംബസി ആസ്ഥാനത്തെത്തിയാണ് സൗദി റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലും സയാമിസ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. അബ്ദുല്ല അല്‍റബീഅയെ അംജദും മുഹമ്മദും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചത്.  

2010 ല്‍ ആണ് ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അംജദിനെയും മുഹമ്മദിനെയും ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയത്. ഇരുവരുടെയും കുടലും മൂത്രനാളിയും ജനനേന്ദ്രിയങ്ങളും ഇടുപ്പും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. അംജദും മുഹമ്മദും ജോര്‍ദാനിലെ തന്റെ മക്കളാണെന്നും ജോര്‍ദാന്‍ ജനത തന്റെ വലിയ കുടുംബമാണെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. റിയാദില്‍ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ വെച്ചാണ് ജോര്‍ദാനി സയാമിസ് ഇരട്ടകളെ 12 വര്‍ഷം മുമ്പ് ഓപ്പറേഷനിലൂടെ വേര്‍പ്പെടുത്തിയത്. സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതിനുള്ള സൗദി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ 27-ാമത്തെ ഓപ്പറേഷനായിരുന്നു അത്. 

1990 ലാണ് സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താനുള്ള ആദ്യ ശസ്ത്രക്രിയ നടത്തിയത്. മൂന്നു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളില്‍ നിന്നുള്ള 117 സയാമിസ് ഇരട്ടകളുടെ കേസുകള്‍ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ പഠിച്ചിട്ടുണ്ട്. സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്താന്‍ നടത്തിയ ഏറ്റവും സങ്കീര്‍ണമായ ശസ്ത്രക്രിയ ഇരുപത്തിമൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. വിവിധ സൂപ്പര്‍ സ്പെഷ്യലൈസേഷനുകളില്‍ പെട്ട 35 ഡോക്ടര്‍മാരും സര്‍ജന്മാരും ടെക്നീഷ്യന്മാരും നഴ്സുമാരും അടങ്ങിയ 35 അംഗ മെഡിക്കല്‍ സംഘമാണ് സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നത്. 

പതിമൂന്നു വര്‍ഷം മുമ്പ് റിയാദില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ വിജയകരമായി വേര്‍പ്പെടുത്തിയ ഈജിപ്ഷ്യന്‍ സയാമിസ് ഇരട്ടകളായ ഹസനും മഹ്മൂദും രണ്ടാഴ്ച മുമ്പ് മാതാപിതാക്കള്‍ക്കൊപ്പം റിയാദില്‍ എത്തി ഡോ. അബ്ദുല്ല അല്‍റബീഅയെ കണ്ടിരുന്നു. സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കിടയിലും ജോര്‍ദാനിലെ നിര്‍ധന കുടുംബങ്ങള്‍ക്കുമിടയിലും നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സംഘത്തിന്റെ ഭാഗമായി ഡോ. അബ്ദുല്ല അല്‍റബീഅ ജോര്‍ദാന്‍ സന്ദര്‍ശിക്കുന്നത്. ജോര്‍ദാദില്‍ സിറിയന്‍ അഭയാര്‍ഥികള്‍ കഴിയുന്ന അല്‍സഅ്തരി അടക്കമുള്ള അഭയാര്‍ഥി ക്യാമ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡോ. അബ്ദുല്ല അല്‍റബീഅയും സംഘവും സന്ദര്‍ശിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ