
റിയാദ്: എഴുത്തുകാരനും പ്രഭാഷകനുമായ ജോസഫ് അതിരുങ്കലിന്റെ ‘ഗ്രിഗർ സാംസയുടെ കാമുകി’ എന്ന കഥാ സമാഹാരം പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയിത്തുംകടവ് പ്രകാശനം ചെയ്തു. ചില്ല സർഗവേദി പ്രതിനിധ സുരേഷ് ലാല് പുസ്തകം ഏറ്റുവാങ്ങി. റിയാദ് അന്താരാഷ്‌ട്ര പുസ്തകമേളയിലെ പൂർണ പബ്ലിക്കേഷൻസ് സ്റ്റാളിൽ നടന്ന ചടങ്ങിൽ ഡോ. കെ.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. നിരവധിയാളുകൾ പരിപാടിയിൽ പങ്കെടുത്തു.
എല്ലാം കമ്പോളവത്ക്കരിക്കുന്ന, ലാഭം ആത്യന്തികമായി ഒരു സത്യമായി മാറുന്ന സത്യാനന്തര കാലത്ത് പ്രണയവും മനുഷ്യൻ തന്നെയും ഇല്ലാതായി പോകുന്ന ദുരന്തത്തെയാണ് ഗ്രിഗർ സാംസയുടെ കാമുകി ആവിഷ്കരിക്കുന്നതെന്നു പൊയ്ത്തുംകടവ് പറഞ്ഞു. ലളിതമായി, പുതിയ കാലത്തെ ജോസഫ് ആവിഷ്കരിക്കുന്നു. ഈ കഥ കൂടുതൽ പഠനത്തിനും ചർച്ചയ്ക്കും വിധേയമാക്കേണ്ടതുണ്ട്. നല്ല വായനക്കാർക്കെല്ലാം ഫ്രാൻസ് കാഫ്കയുടെ ‘മെറ്റമോർഫോസിസ്’ (രൂപാന്തരീകരണം) പരിചിതമാണ്. മധ്യപൗരസ്ത്യ മേഖലയിൽ ജീവിക്കുന്ന മലയാളി എഴുത്തുകാർ ഭാഷയ്ക്ക് ചെയ്യുന്ന സംഭാവന വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തനിക്ക് പ്രിയപ്പെട്ട നിരവധി കഥകളുടെ കർത്താവാണ് ജോസഫെന്ന് അധ്യക്ഷത വഹിച്ച ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. ഇബ്രാഹിം സുബഹാൻ, പ്രതാപൻ തായാട്ട്, ബീന ഫൈസൽ, ഷിബു ഉസ്മാൻ, പ്രമോദ് കോഴിക്കോട്, ഹണി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പൂർണ പബ്ലിക്കേഷൻസ് എം.ഡി മനോഹർ സ്വാഗതവും ജോസഫ് അതിരുങ്കൽ നന്ദിയും പറഞ്ഞു.
Read More: റിയാദ് അന്താരാഷ്ട്ര പുസ്തകമേള; ചിരകാല ആഗ്രഹം സഫലമായ സന്തോഷത്തില്‍ മലയാളി പ്രസാധകര്‍
റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിലാണ് അന്താരാഷ്ട്ര പുസ്തക മേള നടക്കുന്നത്. 32 രാജ്യങ്ങളിൽനിന്ന് 900 പ്രസാധകരാണ് പുസ്തകങ്ങളുമായി എത്തുന്നത്. കേരളത്തിൽനിന്ന് നാല് പ്രസാധകരുണ്ട്. ഡി.സി, ഹരിതം, പൂർണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകരാണ് നേരിട്ട് പങ്കെടുക്കുന്നത്.
(ഫോട്ടോ: ജോസഫ് അതിരുങ്കലിന്റെ ‘ഗ്രിഗർ സാംസയുടെ കാമുകി’ എന്ന കഥാ സമാഹാരം ശിഹാബുദ്ദീൻ പൊയിത്തുംകടവ്, സുരേഷ് ലാലിന് നൽകി പ്രകാശനം ചെയ്യുന്നു)
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ