
റിയാദ്: യാത്രമുടങ്ങി ഒരു ദിവസത്തോളം ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി ഉംറ തീർഥാടകർ ബുധനാഴ്ച രാത്രിയോടെ നാട്ടിലേക്ക് തിരിച്ചു. ചൊവ്വാഴ്ച പുറപ്പെടേണ്ടിയിരുന്ന തീർഥാടകർക്കാണ് വിമാനത്താവളത്തിനകത്തേക്ക് യഥാസമയം കയറാനാകാത്തതിനാൽ യാത്ര മുടങ്ങിയത്. സലാം എയർലൈൻസ് വിമാനത്തിൽ മസ്കറ്റ് വഴി തിരുവനന്തപുരത്തേക്ക് പേകേണ്ടിയിരുന്ന 23 തീർഥാടകരുടെ യാത്രയാണ് മുടങ്ങിയത്.
സമയത്തിന് മുമ്പ് വിമാനത്താവളത്തിലെത്തിയെങ്കിലും അധികൃതർ അകത്തേക്ക് കയറ്റിവിടാത്തതാണ് യാത്ര മുടങ്ങാൻ ഇടയാക്കിയത്. വിവിധ രാജ്യക്കാരായ തീർഥാടകരുടെ ഒരുമിച്ചുള്ള തിരിച്ചുപോക്കും പല വിമാനങ്ങളുടെ വൈകലും കാരണം വിമാനത്താവളത്തിലുണ്ടായ തിരക്കും ബഹളവുമാണ് ഇതിന് കാരണമായത്. ചൊവ്വാഴ്ച ഉച്ച മുതൽ പിറ്റേന്ന് വൈകീട്ട് വരെ ഇവർക്കെല്ലാം ജിദ്ദ വിമാനത്താവളത്തിൽ ദുരിതത്തിൽ കഴിയേണ്ടി വന്നു. എപ്പോൾ നാട്ടിലേക്ക് തിരിക്കാനാകുമെന്നറിയാതെ വിമാനത്താവളത്തിന് പുറത്ത് ഭക്ഷണം പോലും കിട്ടാതെ ദുരിതം നേരിടേണ്ടി വന്നു. ഇതിനിടയിൽ ചില സന്നദ്ധ സംഘടനകൾ ഭക്ഷണം എത്തിച്ചു നൽകിയതും പ്രശ്നപരിഹാരത്തിന് ഇടപെടലുകളുണ്ടായതും ആശ്വാസമായി. മാർച്ച് 18 ന് ഉംറ തീർഥാടന വിസയിൽ വന്ന 23 പേരുടെ സംഘം മദീന സന്ദർശനം പൂർത്തിയാക്കി മടക്കയാത്രക്കായി ജിദ്ദ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് യാത്ര തടസമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam