ജോലി തേടിയെത്തി, ഇടനിലക്കാരന്‍റെ ചതി; ഏഴുവർഷമായി നാടണയാൻ കഴിയാതെ കോഴിക്കോട്‌ സ്വദേശി

Published : Aug 08, 2024, 07:15 PM IST
ജോലി തേടിയെത്തി, ഇടനിലക്കാരന്‍റെ ചതി; ഏഴുവർഷമായി നാടണയാൻ കഴിയാതെ  കോഴിക്കോട്‌ സ്വദേശി

Synopsis

ആദ്യ ഒരു വർഷം കൃത്യമായി ശമ്പളം ലഭിച്ചു. രണ്ടാമത്തെ വർഷം ഇഖാമ പുതുക്കിയില്ല. എങ്കിലും ജോലിയും ശമ്പളവും ലഭിച്ചതിനാൽ ഇഖാമ പുതുക്കുന്ന കാര്യത്തിൽ നിർബന്ധം പിടിച്ചില്ല.

റിയാദ്: ഏഴുവർഷം മുമ്പ് ജോലി തേടി സൗദിയിലെത്തി ചതിയിൽപ്പെട്ട കോഴിക്കോട്‌ കോളത്തറ സ്വദേശി ബാബു നാടണയാൻ സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു. തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശിയാണ് തന്നെ ചതിയിൽ പെടുത്തിയതെന്ന് ബാബു പരാതിയിൽ പറയുന്നു. 2017ലാണ് ബാബു നിർമാണ തൊഴിലാളിയായി റിയാദിൽ എത്തുന്നത്. സ്പോൺസറുടെ ആളായി എയർപോർട്ടിൽ സ്വീകരിക്കാനെത്തിയത് രാജു എന്ന തമിഴ്നാട് സ്വദേശിയാണ്. അടുത്ത ദിവസം സ്പോൺസറെ കാണുകയും പാസ്പോർട്ട് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.

വൈകാതെ ഇഖാമ ലഭിക്കുകയും ചെയ്തു. ഭാഷ അറിയാത്തതിനാൽ തമിഴ്നാട് സ്വദേശിയാണ് സ്പോൺസറുമായുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആദ്യ ഒരു വർഷം കൃത്യമായി ശമ്പളം ലഭിച്ചു. രണ്ടാമത്തെ വർഷം ഇഖാമ പുതുക്കിയില്ല. എങ്കിലും ജോലിയും ശമ്പളവും ലഭിച്ചതിനാൽ ഇഖാമ പുതുക്കുന്ന കാര്യത്തിൽ നിർബന്ധം പിടിച്ചില്ല. ഇഖാമ ഉടൻ പുതുക്കി കിട്ടുമെന്ന രാജുവിെൻറ വാക്കുകൾ വിശ്വസിച്ചു.

രണ്ടര വർഷം കഴിഞ്ഞ് നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് ഇഖാമ അടിക്കാത്തത് തടസ്സമായത്. പിന്നീട് കോവിഡ് മഹാമാരി പൊട്ടിപുറപ്പെടുകയും പൊതുവിൽ യാത്രാവിലക്ക് ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഒന്നര വർഷത്തോളം ജോലി ഇല്ലാതായ ബാബുവിന് നാട്ടിൽ പോകാൻ സ്വരുപിച്ചുവച്ച സമ്പാദ്യമെല്ലാം ഇവിടെ തന്നെ ചെലവഴിക്കേണ്ടി വന്നു.

കോവിഡിന് ശേഷം ജോലിയിൽ തുടർന്നെങ്കിലും ഇഖാമയും കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ മൂത്ത മകളുടെ വിവാഹമായപ്പോൾ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാജു അതിന് കൃത്യമായ മറുപടി നൽകാതായതോടെ വാക്കുതർക്കമുണ്ടായി. സ്പോൺസറെ നേരിൽ കാണണമെന്ന് ബാബു ആവശ്യപ്പെട്ടപ്പോഴാണ് രാജു പിന്നീട് സ്പോൺസറെ ബന്ധപ്പെട്ടിട്ടില്ലെന്ന് മനസിലായത്. വേറെ വഴിയിൽ എക്സിറ്റ് വിസ നേടിതരാമെന്നും അതിന് ഏജൻസിക്ക് 8,000 റിയാൽ കൊടുക്കണമെന്നും രാജു പറഞ്ഞു. തനിക്ക് നൽകാനുള്ള ശമ്പള കുടിശ്ശികയിൽനിന്നും എടുത്തോളാൻ ബാബു അനുവാദം നൽകി.

ഇന്ത്യൻ എംബസിയെ സമീപിച്ച് എമർജൻസി പാസ്പോർട്ട് നേടുകയും എക്സിറ്റ് വിസക്കായി രാജു വഴി ഏജൻസിക്ക് നൽകുകയും ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ എക്സിറ്റ് വിസ അനുവദിച്ചു. ഒരാഴ്ചക്ക് ശേഷം രാജു വിമാന ടിക്കറ്റും പാസ്പോർട്ടും നൽകി. രാജുതന്നെ ബാബുവിനെ എയർപ്പോർട്ടിൽ എത്തിക്കുകയും ചെയ്‌തു. ലഗേജ് നടപടികൾ പൂർത്തിയാക്കി എമിഗ്രേഷനിൽ കടന്നപ്പോഴാണ് വിരലടയാളം പതിയുന്നില്ലെന്നും യാത്ര ചെയ്യാൻ പറ്റില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നത്.

തിരികെ റൂമിലെത്തിയ ബാബുവിനെ രാജു സമാധാനിപ്പിക്കുകയും വിരലടയാളം പതിയാഞ്ഞതിന്‍റെ കാരണം അന്വേഷിക്കാമെന്നും പറഞ്ഞു. വീണ്ടും ജോലിയിൽ തുടർന്നു. പല സാമൂഹിക പ്രവർത്തകരെയും സമീപിച്ച് നാട്ടിൽ പോകാൻ സഹായം തേടി. രണ്ടുവർഷം കടന്ന് പോയതല്ലാതെ ഒന്നുമുണ്ടായില്ല. ഇതിനിടെ പൊലീസിന്‍റെ പിടിയിൽപെട്ട് റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ അടയ്ക്കപ്പെട്ടു. അവിടെ രണ്ട് മാസം കഴിഞ്ഞു. അവിടെ നിന്നാണ് തെൻറ പേരിൽ ബുറൈദയിൽ പൊലീസ് കേസുണ്ടെന്ന വിവരം അറിയുന്നത്.

റിയാദ് വിട്ട് പുറത്തുപോയിട്ടില്ലാത്ത തനിക്കെതിരെ ബുറൈദയിൽ കേസ് വന്നതിനെ കുറിച്ച് ബാബുവിന് ഒരറിവും ഉണ്ടായിരുന്നില്ല. റിയാദ് നാടുകടത്തൽ കേന്ദ്രത്തിൽനിന്നും രണ്ട് മാസത്തിനുശേഷം ബുറൈദയിലേക്ക് മാറ്റിയ ബാബുവിനെ ഒരു മാസത്തിനുശേഷം അവിടെനിന്നും പുറത്തുവിട്ടു. ഒരു ബന്ധുവിെൻറ സഹാത്താൽ റിയാദിൽ തിരിച്ചെത്തിയ ബാബു സഹായമഭ്യർഥിച്ച് കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ ജീവകാരുണ്യ കൺവീനർ ജാഫറിനെ സമീപിക്കുകയും അദ്ദേഹം മുഖേന ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്‌തു.

Read Also - വിമാനത്താവളത്തിൽ മണിക്കൂറുകളോളം വൈദ്യുതി തടസ്സം; കാരണം തെരഞ്ഞപ്പോൾ അമ്പരപ്പ്, പൊല്ലാപ്പ് ഉണ്ടാക്കിയത് എലി

രണ്ടുവർഷം മുമ്പ് എക്സിറ്റ് വിസക്കായി സമീപിച്ച ഏജൻസിയായിരുന്നു കേസ് നൽകിയിട്ടുള്ളതെന്ന് മനസിലായി. അതിനായി ചെലവായ 7,202 റിയാൽ നൽകാത്തതിെൻറ പേരിൽ വഞ്ചനാക്കുറ്റം ചുമത്തി ബുറൈദയിലാണ് കേസ് നൽകിയിട്ടുള്ളത്. രാജു ഏജൻസിക്ക് പണം നൽകാതെ പാസ്പോർട്ട് വാങ്ങി തന്നെ ഏൽപിച്ചതായിരുന്നു എന്ന് ബാബു പറയുന്നു. ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ബാബു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഒരാൾ നഴ്‌സിങ്ങിനും മറ്റൊരാൾ ഡിഗ്രിക്കും പഠിക്കുന്നു. നാട്ടിലെത്താനുള്ള നിയമകുരുക്കുകൾ നീങ്ങി എത്രയും പെട്ടെന്ന് നാടണയാനാകുമെന്ന പ്രതിക്ഷയിൽ കഴിയുകയാണ് ബാബു. 

കേസ് നൽകിയ ഏജൻസിയുമായി സംസാരിച്ചിട്ടുണ്ടെന്നും പണം നൽകിയാൽ കേസ് പിൻവലിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനർ അറിയിച്ചു. കേസ് തീരുന്ന മുറക്ക് മറ്റു നടപടികൾ എംബസി വേഗത്തിലാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി