ഒറിജിനലിനെ വെല്ലും വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കളെ വഞ്ചിച്ച് വിൽപ്പന തകൃതി, പരിശോധനയിൽ എട്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു

Published : May 25, 2026, 10:42 AM IST
shops shut down

Synopsis

കുവൈത്തിൽ ഒറിജിനലിനെ വെല്ലും വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ച എട്ട് കടകൾ അധികൃതർ അടപ്പിച്ചു. നിയമലംഘനം നടത്തിയ ഈ സ്ഥാപനങ്ങളിൽ നിന്ന് വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കൂടാതെ, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിറ്റതിന് ഒരു ഹെർബൽ വിപണന കേന്ദ്രവും അടപ്പിച്ചു.

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ കൈവശം വെയ്ക്കുകയും വിൽപന നടത്തുകയും ചെയ്ത വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ കുവൈത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ശക്തമായ നടപടി. ക്യാപിറ്റൽ ഗവർണറേറ്റിലെ പരിശോധനാ സംഘവും ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയത്. ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും ട്രേഡ്മാർക്ക് സംരക്ഷണ ചട്ടങ്ങളും ലംഘിച്ച് അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഉപഭോക്താക്കൾക്ക് വിറ്റഴിക്കാനായിരുന്നു ഈ സ്ഥാപനങ്ങളുടെ ശ്രമമെന്ന് അധികൃതർ വ്യക്തമാക്കി.

ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ യഥാർത്ഥ കമ്പനികളുടെ അവകാശങ്ങളെ ഹനിക്കുന്നതിനൊപ്പം വ്യാജ വ്യാപാരത്തിനെതിരെയുള്ള കുവൈത്തിന്‍റെ അന്താരാഷ്ട്ര പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പരിശോധനയ്ക്കിടയിൽ കണ്ടെത്തിയ വ്യാജ ഉൽപ്പന്നങ്ങളെല്ലാം അധികൃതർ പിടിച്ചെടുക്കുകയും നിയമലംഘനം നടത്തിയ എട്ട് കടകൾ ഉടനടി പൂട്ടിപ്പിക്കുകയും ചെയ്തു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കസ്റ്റഡി റിപ്പോർട്ടുകൾ ഫയൽ ചെയ്തതായും ആവശ്യമായ തുടർ നിയമനടപടികൾ ആരംഭിച്ചതായും സുരക്ഷാ വിഭാഗം അറിയിച്ചു. ഇതോടൊപ്പം നടന്ന മറ്റൊരു പരിശോധനയിൽ ഫർവാനിയ ഗവർണറേറ്റിലെ വാണിജ്യ സ്ഥാപനങ്ങളിലും പ്രത്യേക നിരീക്ഷണ സംഘം കർശനമായ ഫീൽഡ് പരിശോധന നടത്തി. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഈ കാമ്പെയ്നിൽ ഒരു ഹെർബൽ ഉൽപ്പന്ന വിപണന കേന്ദ്രവും അധികൃതർ അടപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാർജയിൽ കണ്ണൂർ സ്വദേശിയായ അമ്മയും കുഞ്ഞും മരിച്ച സംഭവം; മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും
ബലിപെരുന്നാൾ; ഒമാനിൽ പഴം-പച്ചക്കറി ലഭ്യത ഉറപ്പാക്കി അധികൃതർ, 20,000 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ എത്തിച്ചു